ടോക്യോ ഒളിംപിക്‌സ്; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക 22 ഇന്ത്യന്‍ അത്‌ലറ്റുകള്‍ മാത്രം

ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക 22 ഇന്ത്യന്‍ അത്‌ലറ്റുകളും ആറ് ഒഫീഷ്യലുകളും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക 22 ഇന്ത്യന്‍ അത്‌ലറ്റുകളും ആറ് ഒഫീഷ്യലുകളും. ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ്ങും ബോക്‌സിങ് ചാമ്പ്യന്‍ മേരി കോമും ആയിരിക്കും ഇന്ത്യന്‍ പതാക വഹിക്കുക. 

ശനിയാഴ്ച ഇന്ത്യക്കുള്ള മത്സര ഇനങ്ങള്‍ പരിഗണിച്ചാണ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ എണ്ണം 22 ആക്കിയതെന്ന് ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ധ്രുവ് പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ അര്‍ധ രാത്രി വരെ നീളുമെന്നതിനാലാണ് ശനിയാഴ്ച മത്സരമുള്ള അത്‌ലറ്റുകളെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്നത്. 

ഹോക്കി വനിതാ, പുരുഷ ടീമുകളുടെ മത്സരം ശനിയാഴ്ചയുണ്ട്. എങ്കിലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മന്‍പ്രീത് സിങ് സമ്മതിച്ചു. ഓഗസ്റ്റ് എട്ടിന് നടക്കുന്ന സമാപന ചടങ്ങില്‍ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌റംഗ് പൂനിയയാണ് പതാക വഹിക്കുക.

ഹോക്കി ടീമില്‍ നിന്ന് ഒരു താരം, ബോക്‌സിങ്ങില്‍ നിന്ന് എട്ട് പേര്‍, ടേബിള്‍ ടെന്നീസില്‍ നിന്ന് നാല് പേര്‍, റോവിങ്ങില്‍ നിന്ന് രണ്ട് പേര്‍, ജിംനാസ്റ്റിക്ക്, സ്വിമ്മിങ് എന്നീ ഇനങ്ങളില്‍ നിന്ന് ഒരാള്‍, സെയ്‌ലിങ്ങില്‍ നിന്ന് നാല് എന്നിങ്ങനെയാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളുടെ എണ്ണം. 

950 പേര്‍ക്കാണ് ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുള്ളത്. അത്‌ലറ്റുകളും ഉദ്യോഗസ്ഥരും മാധ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് 950 പേര്‍. കാണികളെ പ്രവേശിപ്പിക്കാതെയാണ് ഒളിംപിക്‌സ് മത്സരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com