ജപ്പാന്റെ വൈവിധ്യത്തിന് അംഗീകാരം; ഒളിംപിക്‌സ് ദീപം തെളിയിച്ച് നവോമി ഒസാക; ലോകം ഇനി ടോക്യോയില്‍

ജപ്പാന്റെ വൈവിധ്യത്തിന് അംഗീകാരം; ഒളിംപിക്‌സ് ദീപം തെളിയിച്ച് നവോമി ഒസാക; ലോകം ഇനി ടോക്യോയില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: നാല് തവണ ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ട ജപ്പാന്റെ ടെന്നീസ് സെന്‍സേഷന്‍ നവോമി ഒസാക ഒളിംപിക്‌സ് ദീപം തെളിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ദീപ ശിഖയില്‍ നിന്നാണ് ഒസാക ദീപം പകര്‍ന്നാണ് ഒളിംപിക്‌സിന് ഔദ്യോഗിക തുടക്കമിട്ടത്. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു ദീപം തെളിയിച്ചത്. 

ദീപം തെളിയിക്കാനായി ഒസാകയെത്തിയത് അപ്രതീക്ഷിതമായിരുന്നു. ജപ്പാന്റെ വൈവിധ്യത്തിനുള്ള അംഗീകാരമായാണ് ഒസാകയ്ക്ക് ലോക കായിക മാമാങ്കത്തിന് ദീപം തെളിയിക്കാനുള്ള നിയോഗമെത്തിയത്. ഹെയ്ത്തി- ജപ്പാന്‍ ദമ്പതികളുടെ മകളായ ഒസാക വര്‍ണ വെറിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചും ശ്രദ്ധേയായ താരമാണ്. ജപ്പാന് വേണ്ടി ഈ ഒളിംപിക്‌സില്‍ മത്സരിക്കാനിറങ്ങുന്ന ഒസാക അവരുടെ സ്വര്‍ണ പ്രതീക്ഷ കൂടിയണ്. 

ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്‌സിന് തുടക്കമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് വിശ്വ കായികമേളയ്ക്ക് തുടക്കമായത്. ആധുനിക ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട പുതിയ പതിപ്പിന്, ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വന്‍ കരിമരുന്നു പ്രകടനത്തോടെയാണ് ഔദ്യോഗിക തുടക്കമായത്. 2013ല്‍ ഒളിംപിക്‌സിന് ആതിഥ്യം അനുവദിച്ചതു മുതല്‍ ഇത് യാഥാര്‍ഥ്യമാകുന്നതുവരെ ജപ്പാന്‍ നേരിട്ട പ്രതിസന്ധികള്‍ വിവരിക്കുന്ന പ്രത്യേക വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

'മുന്നോട്ട്' എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കും വിടപറഞ്ഞ ഒളിംപ്യന്‍മാര്‍ക്കും ആദരമര്‍പ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചടങ്ങില്‍ പങ്കെടുത്തു.

41 വേദികളില്‍ 33 കായിക ഇനങ്ങളിലായി 339 മെഡല്‍ വിഭാഗങ്ങളിലാണ് ടോക്കിയോയില്‍ താരങ്ങള്‍ മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങള്‍ കളത്തിലിറങ്ങും. ഇതില്‍ ഒന്‍പത് മലയാളികളുമുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്‌സിന്റെ സമാപനം.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയ്ക്കായി ഹോക്കി ടീമിന്റെ നായകന്‍ മന്‍പ്രീത് സിങ്ങും ബോക്‌സിങ് ഇതിഹാസം മേരി കോമും പതാകയേന്തി. ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റില്‍ ടീമുകള്‍ അണിനിരന്നത്. ഇതുപ്രകാരം 21ാമതാണ് ഇന്ത്യയെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 പേര്‍ മാത്രമേ ഇന്ത്യന്‍ സംഘത്തില്‍നിന്ന് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തുള്ളൂ.

ട്രാക്കിലും ഫീല്‍ഡിലും പൂളിലും റേഞ്ചിലുമായി മനുഷ്യ കായികശേഷിയെ പന്തീരായിരത്തോളം അത്ലീറ്റുകള്‍ പുതുക്കിപ്പണിയുമ്പോള്‍, അകലങ്ങളിലുരന്ന് ലോകം ആവേശത്തിമിരപ്പില്‍ 'യോ യോ' പറയും. ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാത്ത ഒളിംപിക്‌സ് എന്ന അപൂര്‍വതയ്ക്കു കൂടിയാണ് ജപ്പാന്‍ ആതിഥ്യമരുളുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com