മാനസികാരോഗ്യം ചൂണ്ടി സിമോണ്‍ ബൈല്‍സ്, മത്സര മധ്യേ പിന്മാറ്റം; കയ്യടി 

മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണം നേടിയ താരത്തിന്റെ പിന്മാറ്റം
അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍
അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: വനിതാ ജിംനാസ്റ്റിക് ടീം ഫൈനല്‍ പുരോഗമിക്കവെ ടീമില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചാണ് അമേരിക്കയുടെ സ്റ്റാര്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് ഞെട്ടിച്ചത്. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണം നേടിയ താരത്തിന്റെ പിന്മാറ്റം. 

വോള്‍ട്ടിന് ശേഷം 24കാരിയായ സിമോണ്‍ മറ്റ് ടീം അംഗങ്ങളുമായി അസ്വസ്ഥതയോടെ സംസാരിക്കുകയും തന്റെ ബാഗുമായി ഫ്‌ളോര്‍ വിടുകയുമായിരുന്നു. ടോക്യോയില്‍ ടീം ഇനത്തില്‍ നിന്ന് പിന്മാറിയെങ്കിലും മറ്റ് ഇനങ്ങളില്‍ സിമോണ്‍ തുടരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ലോകത്തിന്റെ മുഴുവന്‍ ഭാരവും തന്റെ ചുമലിലാണെന്ന് തോന്നുന്നതായാണ് മത്സരത്തില്‍ നിന്ന് പിന്മാറല്‍ പ്രഖ്യാപിച്ചു കൊണ്ട് സിമോണ്‍ പറഞ്ഞത്. 

മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് മറ്റെല്ലാം മാറ്റിവയ്ക്കാന്‍ ധൈര്യം കാണിച്ച സിമോണിന് വലിയ പിന്തുണയാണ് എല്ലാ കോണില്‍ നിന്നും ലഭിക്കുന്നത്. പിന്മാറാന്‍ സ്വയം എടുത്ത തീരുമാനമാണെന്നും പരിശീലകര്‍ക്ക് ആ തീരുമാനത്തില്‍ പങ്കില്ലെന്നും സിമോണ്‍ പറഞ്ഞു. 

പല പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നും തെറാപ്പിയിലൂടേയും മരുന്നുകളിലൂടേയും അതിനെ നേരിടാന്‍ ശ്രമിക്കുകയാണെന്നും ഒളിംപിക്‌സിന് മുന്‍പ് സിമോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ടോക്യോയിലേക്ക് എത്തിയതിന് ശേഷം സമ്മര്‍ദം കൂടി. 

മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ലോകത്തിന് മാതൃകയായ സിമോണിനെ അഭിനന്ദിച്ച് യുനിസെഫ് യുഎസ്എ ഉള്‍പ്പെടെയുള്ളവരെത്തി. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തേക്കാള്‍ മഹത്തായ തീരുമാനമാണ് ഇവിടെ സിമോണ്‍ സ്വീകരിച്ചതെന്നും പ്രശംസകള്‍ ഉയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com