'11 റിഷഭ് പന്തുമാരെ ടീമിലെടുക്കാനാവില്ല, 11 പൂജാരമാരേയും പറ്റില്ല'; ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറയുന്നു

ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വരുമ്പോഴാണ് വിജയ ഫോര്‍മുല ഉണ്ടാവുന്നത് എന്നും ഇന്ത്യയുടെ ബാറ്റിങ് കോച്ച് പറഞ്ഞു
കോച്ച് രവി ശാസ്ത്രിക്കൊപ്പം റാത്തോർ
കോച്ച് രവി ശാസ്ത്രിക്കൊപ്പം റാത്തോർ

ലണ്ടന്‍: ഒരു ടീമിനും 11 റിഷഭ് പന്തുമാരേയോ 11 പൂജാരെമാരെയോ കളത്തിലിറക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വരുമ്പോഴാണ് വിജയ ഫോര്‍മുല ഉണ്ടാവുന്നത് എന്നും ഇന്ത്യയുടെ ബാറ്റിങ് കോച്ച് പറഞ്ഞു. 

പൂജാരയായാലും പന്തായാലും അവരുടെ ചിന്താഗതികള്‍ വ്യത്യസ്തമാണ്. അവരെ കേട്ട് മാത്രമേ എനിക്കവരെ മനസിലാക്കാന്‍ സാധിക്കുകയുള്ളു. പൂജാര ഏറെ നിശ്ചയദാര്‍ഡ്യത്തോടേയും അച്ചടക്കത്തോടേയും കളിക്കുന്ന താരമാണ്. ജീവിതത്തിലും പൂജാര അങ്ങനെ തന്നെയാണ്. തന്റെ ദിനചര്യകളില്‍ അദ്ദേഹം മുറുകെ പിടിക്കുന്നു. 

റിഷഭ് പന്ത് ആണെങ്കില്‍ ഭയമില്ലാത്തവനാണ്. മുന്‍പിലെത്തുന്ന അവസരങ്ങളെ മുന്‍പിന്‍ നോക്കാതെ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. തുടക്കം മുതല്‍ എതിരാളികളെ പ്രഹരിക്കാന്‍ ഇഷ്ടപ്പെടുന്നു. ജീവിതത്തിലും പന്ത് ഇങ്ങനെ തന്നെയാണ്. ജീവിതത്തെ പന്ത് എങ്ങനെ നോക്കുക്കാണുന്നുവോ അതാണ് പന്തിന്റെ ബാറ്റിങ് ശൈലിയിലും നമ്മള്‍ കാണുന്നത്, വിക്രം റാത്തോര്‍ പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റിലും വിജയം നേടാനുള്ള പ്രാപ്തി രോഹിത് ശര്‍മയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളിലും മറ്റും വ്യക്തമായ നിയന്ത്രണം ഇപ്പോള്‍ രോഹിത്തിനുണ്ട്. എന്ത് നേട്ടത്തിലേക്കാണ് എത്തേണ്ടത് എന്നതും ഇവിടെ നിന്ന് എവിടേക്കാണ് എത്തേണ്ടത് എന്നതിലും രോഹിത്തിന് വ്യക്തമായ ധാരണ വന്ന് കഴിഞ്ഞതായി വിക്രം റാത്തോര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ സമയമെടുത്താണ് രോഹിത് ഇപ്പോള്‍ ഇന്നിങ്‌സ് ആരംഭിക്കുന്നത്. ആ അച്ചടക്കം രോഹിത്തിലേക്ക് എത്തി കഴിഞ്ഞതായി ഇന്ത്യന്‍ ബാറ്റിങ് കോച്ച് ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com