ആ ഫോർഹാൻഡ് ഷോട്ടുകളുടെ കരുത്തിന് മുൻപിൽ കളിമൺ കോർട്ടിലെ രാജാവിന് കാലിടറി; സെമിയിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്

നാല് സെറ്റുകൾ നീണ്ട പോരിൽ 3-6,6-3,7-6,6-2 എന്ന സ്കോറിന് നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു
റാഫേൽ നദാൽ/ഫോട്ടോ: ട്വിറ്റർ
റാഫേൽ നദാൽ/ഫോട്ടോ: ട്വിറ്റർ

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ തന്റെ പതിനാലാം കിരീടം സ്വപ്നം കണ്ട് റൊളാൻഡ് ​ഗാരോസിലിറങ്ങിയ കളിമൺ കോർട്ടിലെ രാജാവിന് ഇത്തവണ കാലിടറി. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് മുൻപിൽ ആദ്യ സെറ്റ് നേടി തുടങ്ങിയ നദാലിന് ആ ആധിപത്യം വീണ്ടെടുക്കാനായില്ല. നാല് സെറ്റുകൾ നീണ്ട പോരിൽ 3-6,6-3,7-6,6-2 എന്ന സ്കോറിന് നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു. 

​ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരിൽ കീഴടക്കിയാണ് സിറ്റ്സിപാസ് എത്തുന്നത്. നദാലിന് ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സിറ്റ്സിപാസ്. 19ാം വയസിൽ ഫൈനലിലെത്തി കിരീടം നേടിയ നദാലിന്റെ പേരിലാണ് ഈ റെക്കോർഡ്.

ഫ്രഞ്ച് ഓപ്പണിലെ നദാൽ 108 മത്സരങ്ങൾ കളിച്ചതിൽ മൂന്നാമത്തെ മാത്രം തോൽവിയാണ് ഇത്. ഇതിൽ രണ്ട് വട്ടവും നദാൽ തോൽവി നേരിട്ടത് ജോക്കോവിച്ചിന്റെ കൈകളിൽ നിന്ന്. 2015ലാണ് ഇതിന് മുൻപ് നദാലിനെ ജോക്കോവിച്ച് ഇവിടെ വീഴ്ത്തിയത്. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലായിരുന്നു അത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മൂന്ന് ജയങ്ങളിൽ ഒന്നാണ് ഇതെന്നാണ് സെമിയിൽ ഫോർ​ഹാൻഡ് ഷോട്ടുകളുടെ കരുത്തിൽ നദാലിനെ വീഴ്ത്തിയതിന് ശേഷം ജോക്കോവിച്ച് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com