രാഹുല്‍ ദ്രാവിഡ്, സുരേഷ് റെയ്‌ന/ ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്, സുരേഷ് റെയ്‌ന/ ഫയല്‍ ചിത്രം

'നീ ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്'- ദേഷ്യത്തോടെ ദ്രാവിഡ് പൊട്ടിത്തെറിച്ചു! ‌ടീ ഷർട്ട് ഊരി വലിച്ചെറിഞ്ഞ് റെയ്ന

'നീ ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്'- ദേഷ്യത്തോടെ ദ്രാവിഡ് പൊട്ടിത്തെറിച്ചു! ‌ടീ ഷർട്ട് ഊരി വലിച്ചെറിഞ്ഞ് റെയ്ന

മൊഹാലി: ക്രിക്കറ്റ് ലോകത്തെ ശാന്തനായ വ്യക്തിയെന്നാണ് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്. സഹ താരങ്ങളായി ഇന്ത്യൻ ടീമിലടക്കം കളിച്ച ചിലർ ദ്രാവി‍ഡിന്റെ വല്ലപ്പോഴും വരുന്ന ദേഷ്യം കണ്ടത് പറഞ്ഞിട്ടുണ്ട്. അത്തരമൊരു രസകരമായ സംഭവം പങ്കു വയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 

'FCUK'  എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ചതിന്റെ പേരിൽ ദ്രാവിഡ് ദേഷ്യപ്പെട്ട സംഭവമാണ് റെയ്ന വിവരിക്കുന്നത്. 'ബിലീവ്: വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി' എന്ന പുസ്തകത്തിലാണ് റെയ്ന അന്നത്തെ രസകരമായ സംഭവം പറയുന്നത്. 2006-ൽ മലേഷ്യയിൽ നടന്ന ഇന്ത്യയും വെസ്റ്റിൻഡീസും ഓസ്ട്രേലിയയും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് സംഭവം.

'FCUK' എന്ന് എഴുതിയ ബ്രാൻഡഡ് ടീ-ഷർട്ട് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരിലാണ് ദ്രാവിഡ് റെയ്നയോട് ദേഷ്യപ്പെട്ടത്. ഒരു ഇന്ത്യൻ താരം ഇത്തരം വസ്ത്രം ധരിച്ചാണോ പുറത്തിറങ്ങേണ്ടത് എന്നായിരുന്നു ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെയുള്ള ദ്രാവിഡിന്റെ ചോദ്യം.

'നീ എന്താണ് ധരിച്ചിരിക്കുന്നത് എന്ന് നിനക്ക് അറിയാമോ? നീ ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്. ഇത്തരം കാര്യങ്ങൾ എഴുതിയ ടീ-ഷർട്ട് ധരിച്ച് ആളുകൾക്കിടയിലേക്ക് ഇറങ്ങരുത്.' ഇതായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. 

ദ്രാവിഡ് മുഖത്തടിച്ച് പറഞ്ഞതിന് പിന്നാലെ താൻ റെസ്റ്റ് റൂമിലേക്ക് ഓടിയെന്നും ആ ടീ ഷർട്ട് ഊരി ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്നും റെയ്ന പറയുന്നു. വളരെ ഗൗരവത്തോടെയാണ് ഓരോ മത്സരത്തിനും ദ്രാവിഡ് തയ്യാറെടുക്കയെന്നും റെയ്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഒന്ന് ശാന്തമാകാനും ചിരിക്കാനും ദ്രാവിഡിനോട് പറയാൻ തോന്നാറുണ്ടെന്നും റെയ്ന വ്യക്തമാക്കി. 

ദ്രാവിഡ് ക്യാപ്റ്റനായ കാലത്താണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ജൂലൈ 30-ന് ധാംബുള്ളയിൽ ശ്രീലങ്കയ്ക്കെതിരേ ആയിരുന്നു ഏകദിന അരങ്ങേറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com