സ്‌പെയിനിന് ആശ്വാസം; നായകന്‍ ബുസ്‌കറ്റ്‌സ് കോവിഡ് നെഗറ്റീവ്; ടീമിനൊപ്പം ചേരും

By സമകാലിക മലയാളം ഡെസ്ക്  |   Published: 18th June 2021 03:55 PM  |  

Last Updated: 18th June 2021 03:55 PM  |   A+A-   |  

Busquets returns to Spain squad

സെർജിയോ ബുസ്കറ്റ്സ്/ ട്വിറ്റർ

 

മാഡ്രിഡ്: സ്‌പെയിന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ് കോവിഡ് നെഗറ്റീവായി. യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സ്വീഡനുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ സ്‌പെയിനിന് വലിയ ആശ്വാസമാകും ബുസ്‌കറ്റ്‌സിന്റെ വരവ്. 

താരം കോവിഡ് നെഗറ്റീവ് ആയ കാര്യം സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് അറിയിച്ചത്. യൂറോ കപ്പ് തുടങ്ങുന്നതിന് തൊട്ട്മുന്‍പാണ് സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ ബുസ്‌കറ്റ്‌സ് കോവിഡ് പോസിറ്റീവ് ആയത്.  ജൂണ്‍ ആറിനാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. തുടര്‍ന്ന് ലിത്വാനിയക്കെതിരായ സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ അണ്ടര്‍ 21 ടീമിനെയാണ് കളിപ്പിച്ചത്. സ്വീഡനെതിരെയും താരം കളിച്ചില്ല.

കോവിഡ് നെഗറ്റീവ് ആയതോടെ താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. ശനിയാഴ്ച നടക്കുന്ന പോളണ്ടിനെതിരെയുള്ള മത്സരത്തില്‍ ബുസ്‌കറ്റ്‌സ് കളിക്കാനും സാധ്യതയുണ്ട്. സ്‌പെയിന്‍ ടീമില്‍ ബുസ്‌കറ്റ്‌സിന് കോവിഡ് വന്നെങ്കിലും മാറ്റ് താരങ്ങള്‍ക്ക് ആര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നില്ല.

നിലവില്‍ സ്പാനിഷ് ടീമില്‍ കളിക്കുന്ന 2010ല്‍ ലോകകപ്പ് നേടിയ സുവര്‍ണ തലമുറയില്‍പ്പെട്ട ഏക താരമാണ് 32കാരനായ ബുസ്‌കറ്റ്‌സ്. സ്പാനിഷ് മധ്യനിരയുടെ നിര്‍ണായക അച്ചുതണ്ടായ താരം സെര്‍ജിയോ റാമോസ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് നായകനായത്.