വിംബിൾഡൺ, യൂറോ കപ്പ് മത്സരങ്ങൾ കാണാൻ ഇന്ത്യൻ ടീം; ഇടവേള ആഘോഷമാക്കാൻ കോഹ് ലിയും കൂട്ടരും

ഫൈനലിന് പിന്നാലെ ബയോ ബബിളിൽ നിന്ന് പുറത്ത് വന്ന ഇന്ത്യൻ ടീമിന് ജൂലൈ 14 വരെയാണ് ഇടവേള അനുവദിച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയിൽ‌ യൂറോ കപ്പും വിംബിൾഡണും കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങൾ. ഫൈനലിന് പിന്നാലെ ബയോ ബബിളിൽ നിന്ന് പുറത്ത് വന്ന ഇന്ത്യൻ ടീമിന് ജൂലൈ 14 വരെയാണ് ഇടവേള അനുവദിച്ചിരിക്കുന്നത്. 

തിങ്കളാഴ്ച ആരംഭിക്കുന്ന വിംബിൾഡൺ കാണാനും വെബ്ലിയിൽ യൂറോ കപ്പ് കാണാനുമാണ് ഇന്ത്യൻ സംഘത്തിലെ കോഹ് ലി ഉൾപ്പെടെയുള്ളവരുടെ പ്ലാൻ. കളിക്കാർക്കൊപ്പം അവരുടെ കുടുംബാം​ഗങ്ങളും ഇം​ഗ്ലണ്ടിലുണ്ട്. അതിനാൽ കുടുംബാം​ഗങ്ങൾക്കൊപ്പം കൂടുതൽ സമയം വിനിയോ​ഗിക്കാൻ കളിക്കാർക്കാവുന്നു. 

മൂന്ന് ആഴ്ചയാണ് കളിക്കാർക്ക് ഇടവേള നൽകിയിരിക്കുന്നത്. ആസ്റ്റംർഡാമിലേക്ക് പോകാനും കളിക്കാരിൽ ചിലർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലാത്തതിനാൽ ആഘോഷങ്ങൾ അതിര് വിടരുത് എന്ന നിർദേശം ബിസിസിഐ ടീമിന് നൽകിയിട്ടുണ്ട്. 

ഓ​ഗസ്റ്റ് നാലിനാണ് ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പരമ്പരയ്ക്ക് മുൻപ് രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്ത്യ ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ കളിച്ചും. പരമ്പരയ്ക്ക് മുൻപ് സന്നാഹ മത്സരം വേണമെന്ന് ബിസിസിഐ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് സന്നാഹ മത്സരം കളിക്കാൻ സാധിക്കാതിരുന്നത് പ്രതികൂലമായി ബാധിച്ചെന്ന് കോഹ് ലി ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിൽ മൂന്ന് ആഴ്ചത്തെ ഇടവേള കളിക്കാർക്ക് നൽകുന്നതിനെ വിമർശിച്ച് ഇന്ത്യൻ മുൻ നായകൻ വെങ്സർക്കാർ രം​ഗത്തെത്തി. ഒരാഴ്ച ഇടവേള മതിയാവുമെന്നും നിരന്തരം കളിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടതെന്നുമാണ് വെങ്സർക്കാർ അഭിപ്രായപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com