മരണമാസ് വെടിക്കെട്ടുമായി ശാര്‍ദുല്‍ ഠാക്കൂര്‍; 57 പന്തില്‍ അടിച്ചെടുത്തത് 92 റണ്‍സ്

മരണമാസ് വെടിക്കെട്ടുമായി ശാര്‍ദുല്‍ ഠാക്കൂര്‍; 57 പന്തില്‍ അടിച്ചെടുത്തത് 92 റണ്‍സ്
ശാർദുൽ ഠാക്കൂർ/ ട്വിറ്റർ
ശാർദുൽ ഠാക്കൂർ/ ട്വിറ്റർ

ജയ്പുര്‍: ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ വെടിക്കെട്ട് ബാറ്റിങുമായി ശാര്‍ദുല്‍ ഠാക്കൂര്‍. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെയാണ് മുംബൈ ടീമിനായി ശാര്‍ദുലിന്റെ വെടിക്കെട്ട്. 

മത്സരത്തില്‍ മുംബൈ 200 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഹിമാചലിന്റെ പോരാട്ടം വെറും 24.1 ഓവറില്‍ 121 റണ്‍സില്‍ അവസാനിപ്പിച്ചാണ് മുംബൈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 

148 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ ശാര്‍ദുല്‍ വെടിക്കെട്ട് ബാറ്റിങിലൂടെ കരകയറ്റുകയായിരുന്നു. വെറും 57 പന്തുകളില്‍ നിന്ന് താരം അടിച്ചെടുത്തത് 92 റണ്‍സ്. ആറ് പടുകൂറ്റന്‍ സിക്‌സുകളുടെ അകമ്പടിയോടെയാണ് ശാര്‍ദുലിന്റെ മിന്നല്‍ ബാറ്റിങ്. അര്‍ഹിച്ച സെഞ്ച്വറി എട്ട് റണ്‍സ് അകലെ നഷ്ടമായത് മാത്രമാണ് നിരാശപ്പെടുത്തിയ കാര്യം. 75 പന്തില്‍ 91 റണ്‍സുമായി സൂര്യകുമാര്‍ യാദവും 98 പന്തില്‍ 83 റണ്‍സുമായി ആദിത്യ താരെയും ശാര്‍ദുലിന് മികച്ച പിന്തുണ നല്‍കിയതോടെ മുംബൈ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ശാര്‍ദുലിന്റെ കന്നി അര്‍ധ സെഞ്ച്വറി കൂടിയാണ് ഇത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി ശാര്‍ദുല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു ബാറ്റിങ് വിരുന്നൊരുക്കി താരം ശ്രദ്ധേയനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com