റൂട്ട് പോലും 5 വിക്കറ്റ് വീഴ്ത്തുമ്പോള്‍ അശ്വിനേയും അക്‌സറിനേയും പുകഴ്ത്തണോ? പിച്ചിനെതിരെ ഐസിസി നടപടി വേണം: ഇന്‍സമാം ഉള്‍ ഹഖ്‌

'ഇത്തരം പിച്ചുകള്‍ക്കെതിരെ ഐസിസി നടപടി എടുക്കണം. രണ്ട് ദിവസം പോലും നീണ്ടു നില്‍ക്കാത്ത ടെസ്റ്റ് പിച്ച് എന്തൊരു പിച്ചാണ്?'
ഇന്‍സമാം ഉള്‍ ഹഖ്/ ഫയല്‍ ചിത്രം
ഇന്‍സമാം ഉള്‍ ഹഖ്/ ഫയല്‍ ചിത്രം

കറാച്ചി: പിച്ച് വിവാദത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. അഹമ്മദാബാദിലേത് പോലുള്ള പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്ന് ഇന്‍സമാം പറഞ്ഞു. 

ഇത്തരം പിച്ചുകള്‍ക്കെതിരെ ഐസിസി നടപടി എടുക്കണം. രണ്ട് ദിവസം പോലും നീണ്ടു നില്‍ക്കാത്ത ടെസ്റ്റ് പിച്ച് എന്തൊരു പിച്ചാണ്? ഒരു ദിവസത്തില്‍ 17 വിക്കറ്റുകളാണ് വീണത്. എന്തൊരു അവസ്ഥയാണ് ഇത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുക്കാം. അതിനായി സ്പിന്‍ വിക്കറ്റ് തയ്യാറാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം പിച്ചുകള്‍ ഒരുക്കുന്നത് ശരിയല്ല, ഇന്‍സമാം ഉള്‍ഹഖ് പറഞ്ഞു. 

ആറ് ഓവറില്‍ തന്നെ റൂട്ട് അഞ്ച് വിക്കറ്റ് എടുത്തു എന്ന് പറയുമ്പോള്‍ തന്നെ പിച്ചിന്റെ നിലവാരം മനസിലാക്കാം. എട്ട് റണ്‍സ് മാത്രം വഴങ്ങി റൂട്ട് 5 വിക്കറ്റ് വീഴ്ത്തുമ്പോള്‍ അക്‌സര്‍ പട്ടേലിന്റേയും അശ്വിന്റേയും നേട്ടത്തെ ഞാന്‍ എന്തിന് പുകഴ്ത്തണം? ടെസ്റ്റ് മത്സരം ടെസ്റ്റ് പോലെ തന്നെ നടത്തണം. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ലഭിച്ച അതേ സന്തോഷം ഈ ടെസ്റ്റ് ജയിച്ചപ്പോള്‍ ഇന്ത്യക്ക് കിട്ടിയെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു. 

അഹമ്മദാബാദ് ടെസ്റ്റിന്റെ സ്‌കോര്‍ ബോര്‍ഡിനേക്കാള്‍ ഭേദം ടി20 ക്രിക്കറ്റിലെ സ്‌കോര്‍ ബോര്‍ഡാണ്. ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? രണ്ട് ദിവസം മുന്‍പ് ഇതിന് മുന്‍പ് ടെസ്റ്റ് അവസാനിപ്പിച്ചത് എന്റെ ഓര്‍മയില്‍ പോലുമില്ല. ഇന്ത്യ നന്നായി കളിച്ചതിനാലാണോ, അതോ പിച്ച് മോശമായത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇങ്ങനെയുള്ള പിച്ചുകളില്‍ ടെസ്റ്റ് നടത്താന്‍ പാടുണ്ടോ എന്നും ഇന്‍സമാം ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com