90ാം മിനിറ്റിൽ ബിപിൻ സിങിന്റെ എണ്ണം പറഞ്ഞ ​ഗോൾ; ഐഎസ്എൽ കിരീടത്തിൽ മുംബൈ സിറ്റിയുടെ കന്നി മുത്തം

90ാം മിനിറ്റിൽ ബിപിൻ സിങിന്റെ എണ്ണം പറഞ്ഞ ​ഗോൾ; ഐഎസ്എൽ കിരീടത്തിൽ മുംബൈ സിറ്റിയുടെ കന്നി മുത്തം
വിജയ ​ഗോൾ നേടിയ ബിപിൻ സിങിന്റെ ആ​ഹ്ലാദം/ ട്വിറ്റർ
വിജയ ​ഗോൾ നേടിയ ബിപിൻ സിങിന്റെ ആ​ഹ്ലാദം/ ട്വിറ്റർ

ഫട്ടോർദ: ഇന്ത്യൻ സൂപ്പർ ലീ​ഗ് കന്നി കിരീടം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബ​ഗാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ കന്നി കിരീട നേട്ടം. 90ാം മിനിറ്റിൽ ബിപിൻ സിങ് നേടിയ നിർണായക ​ഗോളാണ് മുംബൈ സിറ്റിക്ക് കിരീടത്തിലേക്കുള്ള വഴി തുറന്നത്. അവസാന നിമിഷം വരെ മത്സരം 1-1ന് മുന്നേറുകയായിരുന്നു. 

ഫൈനലിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ​ ​ഗോൾ നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയുടെ അവസാനം വരെ മത്സരം സമനിലയിൽ മുന്നേറി. പോരാട്ടം അധിക സമയത്തേക്ക് നീളും എന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് ബിപിൻ സിങിന്റെ ​ഗോളിന്റെ പിറവി. അതോടെ എടികെയുടെ കിരീട മോഹത്തിന് തിരിച്ചടി നേരിട്ടു. നേരത്തെ ആദ്യ പകുതിയിൽ മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോൾ നേടിയപ്പോൾ ടിറി വഴങ്ങിയ സെൽഫ് ഗോൾ മുംബൈയ്ക്ക് തുണയായി മാറുകയായിരുന്നു.

ആദ്യ മിനിറ്റ് മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ചവെച്ചു. പക്ഷേ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ ശ്രമം വന്നത്. മോഹൻ ബഗാന്റെ ഹാവി ഹെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റിൽ തട്ടിത്തെറിച്ചു. തകർപ്പൻ ഫ്രീകിക്കാണ് ഹെർണാണ്ടസ് എടുത്തത്. 

16-ാം മിനിട്ടിൽ മുംബൈ ബോക്‌സിലേക്ക് കുതിച്ചുകയറിയ റോയ് കൃഷ്ണ പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ് അത് തട്ടിയകറ്റി. എന്നാൽ 18-ാം മിനിട്ടിൽ മുംബൈയ്‌ക്കെതിരേ മോഹൻ ബഗാൻ ലീഡെടുത്തു.

ഡേവിഡ് വില്യംസാണ് ടീമിനായി ഗോൾ നേടിയത്. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്‌സിനകത്തുവെച്ച് പാസ് ചെയ്യാൻ ശ്രമിച്ച ജാഹുവിന്റെ ശ്രമം പാളി. ഇത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ പന്ത് ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച് വില്യംസ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു.

28-ാം മിനിറ്റിൽ മുംബൈ സമനില ഗോൾ നേടി. മോഹൻ ബഗാൻ പ്രതിരോധതാരം ടിറിയുടെ സെൽഫ് ഗോളിലൂടെയാണ് മുംബൈ സമനില നേടിയത്. ബിപിൻ സിങിന് നേരെ വന്ന ലോങ് പാസ് ക്ലിയർ ചെയ്യാനായി ശ്രമിച്ച ടിറിയുടെ ഹെഡ്ഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഇത് തട്ടിയകറ്റാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ സ്‌കോർ 1-1 എന്ന നിലയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com