'വിരമിച്ചാലും വിടില്ല'- മലിംഗയെ തിരികെ ടീമിലെത്തിക്കാൻ ശ്രമവുമായി ശ്രീലങ്ക
By സമകാലിക മലയാളം ഡെസ്ക് | Published: 11th May 2021 04:15 PM |
Last Updated: 11th May 2021 04:15 PM | A+A A- |

ഫയൽ ചിത്രം
കൊളംബോ: സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ നായകനും പേസറുമായ ലസിത് മലിംഗയെ ടീമിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്കൻ സെലക്ടർമാർ. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും വരാനിരിക്കുന്ന ഇന്ത്യയുടെ പര്യടനവും മുന്നിൽ കണ്ടാണ് ലങ്കയുടെ പുതിയ നീക്കം. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 37കാരനായ മലിംഗയ്‌ക്ക് ദേശീയ ടീമിനായി തിളങ്ങാന്‍ കഴിയും എന്നാണ് ലങ്കന്‍ സെലക്‌ടര്‍മാരുടെ വിശ്വാസം. വരും ദിവസങ്ങളില്‍ മലിംഗയുമായി സെലക്‌ടര്‍മാര്‍ കൂടിക്കാഴ്‌ച നടത്തും.
'മലിംഗയുമായി ഉടന്‍ സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും ഒക്‌ടോബറിലെ ടി20 ലോകകപ്പ് പദ്ധതികളിലും മലിംഗയുണ്ട്. രാജ്യത്തിന്‍റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മലിംഗയെന്ന് മറക്കാന്‍ കഴിയില്ല. അദേഹത്തിന്‍റെ റെക്കോര്‍ഡുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി രണ്ട് ലോകകപ്പുകള്‍ തുടര്‍ച്ചയായി വരുന്നുണ്ട്'- മുഖ്യ സെലക്‌ടര്‍ പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു.
പിന്നാലെ ഇക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കി മലിംഗയും രംഗത്തെത്തി. 'ടെസ്റ്റിലും ഏകദിനത്തിലും നിന്ന് വിരമിച്ചെങ്കിലും ടി20യില്‍ നിന്ന് വിട പറഞ്ഞിട്ടില്ല. ദേശീയ ടീമിനായി എന്നെ പോലൊരു മുതിര്‍ന്ന താരത്തെ എങ്ങനെ ഉപയോഗിക്കും എന്ന ആകാംക്ഷ എനിക്കുമുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തി രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. സെലക്‌ടര്‍മാരുടെ പദ്ധതികളെ എക്കാലവും ബഹുമാനിക്കുന്നയാളാണ് ഞാന്‍'- മലിംഗ വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു മലിംഗ അവസാനം ടി20 കളിച്ചത്. അന്താരാഷ്‌ട്ര ടി20യില്‍ 83 മത്സരങ്ങള്‍ കളിച്ച മലിംഗ 7.42 ഇക്കോണമിയില്‍ 107 വിക്കറ്റുകളാണ് വീഴ്ത്തിയത്.