ഗോളടിച്ച് ​ഗോളി; ഇൻജുറി ടൈമിൽ ഗോൾ നേടി അലിസൻ, അപ്രതീക്ഷിത വിജയവുമായി ലിവർപൂൾ 

അലിസൻ നേടിയ ​ഗോളിലൂടെ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ബ്രോമിനെ ലിവർപൂൾ തകർത്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലണ്ടൻ: സമനില ഉറപ്പിച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് അപ്രതീക്ഷിത വിജയം സമ്മാനിച്ച് ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബക്കർ. ​ഗോൾവല കാക്കാൻ മാത്രമല്ല വേണ്ടിവന്നാൽ ​ഗോളടിക്കാനും കഴിയുമെന്ന് തെളിയിച്ചാണ് അലിസൻ വിജയ​ഗോൾ നേടിയത്. ഇൻജുറി ടൈമിൽ അലിസൻ നേടിയ ​ഗോളിലൂടെ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ബ്രോമിനെ ലിവർപൂൾ തകർത്തു. 

1892 മുതലുള്ള ലിവർപൂളിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറാണ് അലിസൻ. പ്രീമിയർ ലീഗ് ചരിത്രത്തിൽത്തന്നെ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറും അലിസനാണ്. 

15–ാം മിനിറ്റിൽ റോബ്സൻ കാനു  നേടിയ ഗോളിൽ വെസ്റ്റ് ബ്രോമാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 33–ാം മിനിറ്റിൽ മുഹമ്മദ് സലാ ലിവർപൂളിനായി ​ഗോൾ നേടി. മത്സരം ഇൻജറി ടൈമിലേക്കു കടക്കുമ്പോഴും മത്സരം സമനിലയിലായിരുന്നു. ലിവർപൂളിന് അവസാന നിമിഷം ലഭിച്ച കോർണർ കിക്കാണ് മത്സരത്തിൽ വഴിത്തിരിവായത്. കളി അവസാന നിമിഷമടുത്തതോടെ ഗോൾകീപ്പർ അലിസൻ അടക്കമുള്ളവർ വെസ്റ്റ് ബ്രോം ഗോൾവലയ്ക്ക് മുന്നിലുണ്ടായിരുന്നു. 

ട്രെന്റ് അലക്സാണ്ടർ ആർണോൾഡ് എടുത്ത കോർണർ കിക്ക് ഉയർന്നുചാടി തലവച്ച് അലിസൻ പന്ത് ​വലയിലെത്തിച്ചു. ‘കളി അവസാന മിനിറ്റിലായിരുന്നതിനാൽ വെസ്റ്റ് ബ്രോം ഗോൾമുഖത്തെ ഏറ്റവും അനുയോജ്യമായൊരു സ്ഥലം കണ്ടെത്തി അവിടെ നിൽക്കാനായിരുന്നു ഞാൻ പദ്ധതിയിട്ടത്. അവരുടെ ഏതെങ്കിലുമൊരു ഡിഫൻഡറെ തടഞ്ഞുനിർത്തി സഹതാരങ്ങളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ എന്നെ നോക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഭാഗ്യമോ അനുഗ്രഹമോ ആയിരിക്കാം, ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാകില്ലല്ലോ’, മത്സരശേഷം അലിസൻ പറഞ്ഞു.

36 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ലിവർപൂൾ. 64 പോയിന്റുമായി നാലാമതുള്ളത് ചെൽസിയാണ്. ലെസ്റ്റർ സിറ്റി 66 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഈ സീസണിൽ 22 ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോട്ടനം ഹോട്സ്പർ താരം ഹാരി കെയ്നൊപ്പമെത്തി സലാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com