'വീണ്ടും അന്വേഷിച്ചാല്‍ പുതിയതായി എന്താണ് കിട്ടുന്നത്? '- പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് മുന്‍ ഓസീസ് ബൗളിങ് കോച്ച്

'വീണ്ടും അന്വേഷിച്ചാല്‍ പുതിയതായി എന്താണ് കിട്ടുന്നത്? '- പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് മുന്‍ ഓസീസ് ബൗളിങ് കോച്ച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: 2018ല്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ മത്സര ഫലം അനുകൂലമാക്കാന്‍ ഓസ്‌ട്രേലിയന്‍ താരമായ ബന്‍ക്രോഫ്റ്റ് പന്തില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് കൃത്രിമത്വം കാട്ടിയെന്ന് കണ്ടെത്തിയതാണ് വിവാദത്തിന് അടിസ്ഥാനം. 

വിഷയത്തില്‍ അന്ന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടു. വിലക്കിനെ തുടര്‍ന്ന് 12 മാസമാണ് സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.  

വിവാദം അവസാനിച്ച് സ്മിത്തും വാര്‍ണരും കളത്തില്‍ തിരിച്ചെത്തുകയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തി ചാപ്റ്റര്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവം വീണ്ടും കുത്തിപ്പൊക്കി ബന്‍ക്രോഫ്റ്റ് രംഗത്തെത്തിയതോടെ ക്രിക്കറ്റ് ലോകത്ത് വിഷയത്തക്കുറിച്ച് ചര്‍ച്ച വീണ്ടും തുടങ്ങി. ഓസീസ് അധികൃതര്‍ വിവാദം പുനരന്വേഷിക്കുമെന്നും പ്രഖ്യാപിച്ചു. 

ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം നടക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ബന്‍ക്രോഫ്റ്റ് പറയുന്നത്. ഇതോടെയാണ് വിഷയം പുതിയ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കിയത്. 

സംഭവം നടക്കുന്ന സമയത്ത് ടീമിന്റെ ബൗളിങ് പരിശീലകന്‍ ഡേവിഡ് സകെര്‍ ആയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും അന്വേഷിക്കാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സകെര്‍ ഇപ്പോള്‍ രംഗത്ത് വന്നു. 

ഇപ്പോള്‍ വീണ്ടും വിഷയം അന്വേഷിക്കുന്നത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്ന് സകെര്‍ ചോദിക്കുന്നു. 'അന്ന് സംഭവിച്ചത് തെറ്റാണെന്ന് എല്ലാവരും സമ്മതിച്ചു കഴിഞ്ഞു. നിങ്ങള്‍ക്ക് കുറ്റക്കാരനായി എന്റെ നേരെയും അന്നത്തെ പരിശീലകന്‍ ഡാരന്‍ ലേമാന് നേരെയും ടീമിലെ ആര്‍ക്ക് നേരെയും വിരല്‍ചൂണ്ടാം. നടക്കാന്‍ പാടിലാത്ത കാര്യമാണ് സംഭവിച്ചത്. പിന്നീടാണ് അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് എല്ലാവരും ചിന്തിച്ചത്'. 

'വീണ്ടും അന്വേഷിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ പുതിയതായി എന്താണ് കണ്ടെത്താന്‍ പോകുന്നതെന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ക്കെല്ലാം ഉണ്ടായ പേര് ദോഷം അവിടെ തന്നെയുണ്ട്. അത് മാറാന്‍ പോകുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടും'- സകെര്‍ പറഞ്ഞു. 

ബൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ വന്നതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ആർക്കെങ്കിലും അറിയുമോ എന്ന കാര്യമാണ് പുനരന്വേഷണത്തിലൂടെ അറിയാൻ ശ്രമിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com