മലക്കം മറിഞ്ഞ് ബൻക്രോഫ്റ്റ്, പന്ത് ചുരണ്ടൽ ബൗളർമാരുടെ അറിവോടെയെന്ന പ്രതികരണം വിഴുങ്ങി

2018ലെ പന്ത് ചുരണ്ടൽ സംബന്ധിച്ച് തനിക്ക് പുതിയതായൊന്നും അറിയിക്കാനില്ലെന്നാണ് ബൻക്രോഫ്റ്റ് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പറഞ്ഞത്
ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ്/ഫയല്‍ ചിത്രം
ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ്/ഫയല്‍ ചിത്രം

സിഡ്നി: സൗത്ത് ആഫ്രിക്കയ്ക്കെതിരായ ന്യൂലാൻഡ്സ് ടെസ്റ്റിൽ പന്തിൽ കൃത്രിമം നടത്തുന്നതിനെ കുറിച്ച് ടീമിലെ ബൗളർമാർക്ക് അറിയാമായിരുന്നു എന്ന തന്റെ വാദത്തിൽ നിന്ന് പിന്നോട്ട് പോയി കാമറൂൺ ബൻക്രോഫ്റ്റ്. 2018ലെ പന്ത് ചുരണ്ടൽ സംബന്ധിച്ച് തനിക്ക് പുതിയതായൊന്നും അറിയിക്കാനില്ലെന്നാണ് ബൻക്രോഫ്റ്റ് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പറഞ്ഞത്. 

നിലവിൽ ഇം​ഗ്ലീഷ് കൗണ്ടിയിൽ കളിക്കുകയാണ് ഓസീസ് പേസർ. പന്ത് ചുരണ്ടലിനെ കുറിച്ച് ടീമിലെ മറ്റ് ബൗളർമാർക്കും അറിയാമായിരുന്നു എന്ന പ്രതികരണത്തിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇന്റ​ഗ്രിറ്റി യൂണിറ്റ് ബൻക്രോഫ്റ്റുമായി ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങളൊന്നും തനിക്ക് പറയാനില്ലെന്ന് ബൻക്രോഫ്റ്റ് ഇവരെ അറിയിച്ചതായി ഓസ്ട്രേലിയൻ മാധ്യമമായ സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. 

ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിലും അതിന്റെ ഫലങ്ങളിലും താൻ തൃപ്തനാണെന്നും ബൻക്രോഫ്റ്റ് വ്യക്തമാക്കി. ഇതേ തുടർന്ന് കൂടുതൽ അന്വേഷണങ്ങളിലേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ കടക്കാൻ സാധ്യതയില്ല. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന മാധ്യമത്തിലെ അഭിമുഖത്തിൽ രണ്ട് വട്ടമാണ് ബൻക്രോഫ്റ്റിനോട് മറ്റ് ബൗളർമാർക്ക് ഈ സംഭവത്തെ കുറിച്ച് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നത്. രണ്ട് വട്ടവും അതെ എന്നായിരുന്നു ബൻക്രോഫ്റ്റിന്റെ മറുപടി. 

2018ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ബൻക്രോഫ്റ്റ് പന്തിൽ കൃത്രിമം നടത്തുന്ന് ക്യാമറ കണ്ണുകളിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ബൻക്രോഫ്‍റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ ക്രിക്കറ്റിൽ നിന്ന് വിലക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com