‘ദ്രാവിഡിന്റെ തന്ത്രങ്ങൾ ഇനി ഇന്ത്യൻ വനിതാ ടീമിൽ കാണാം‘- ശിവസുന്ദർ ദാസ് പുതിയ ബാറ്റിങ് പരിശീലകൻ

‘ദ്രാവിഡിന്റെ തന്ത്രങ്ങൾ ഇനി ഇന്ത്യൻ വനിതാ ടീമിൽ കാണാം‘- ശിവസുന്ദർ ദാസ് പുതിയ ബാറ്റിങ് പരിശീലകൻ
ശിവസുന്ദർ ദാസ്/ ട്വിറ്റർ
ശിവസുന്ദർ ദാസ്/ ട്വിറ്റർ

മുംബൈ: മുൻ ഇന്ത്യൻ ടെസ്റ്റ് ഓപണറും മുൻ ഒഡിഷ ക്യാപ്റ്റനുമായിരുന്ന ശിവസുന്ദർ ദാസ് ഇന്ത്യൻ വനിതാ ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകൻ. രമേഷ് പവാറിനെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിച്ചതിന് പിന്നാലെയാണ് ശിവസു​ന്ദർ ദാസിനെ പുതിയ ബാറ്റിങ് കോച്ചായി നിയമിച്ചത്.

2000–02 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി 23 ടെസ്റ്റുകളും നാല് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ദാസ്. നിലവിൽ രാഹുൽ ദ്രാവിഡ് തലവനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകനായിരിക്കെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിങ് കോച്ചായി ശിവസുന്ദർ എത്തുന്നത്.

‘കഴിഞ്ഞ 4–5 വർഷമായി ഞാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുെട ഭാഗമാണ്. കുറച്ചുകാലമായി ബാറ്റിങ് പരിശീലകനായാണ് പ്രവർത്തനം. ഈ അവസരം എനിക്കു തന്ന രാഹുൽ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കും നന്ദി. ദ്രാവിഡിനു കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഗുണം ഇന്ത്യൻ ടീമിനൊപ്പമുള്ള ജോലിയിൽ ഉപകാരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു‘- അദ്ദേഹം വ്യക്തമാക്കി. 

മുൻപ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി ശിവസുന്ദർ ദാസ് കളിച്ചപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ അന്ന് ടീമിൽ കളിച്ച താരമാണ് വനിതാ ടീമിന്റെ നിലവിലെ കോച്ച് രമേഷ് പവാർ എന്നത് കൗതുകമായി നിൽക്കുന്നു. 

43കാരനായ ശിവസുന്ദർ ദാസ് ഇന്ത്യക്കായി 23 ടെസ്റ്റുകളിൽ നിന്ന് 34.89 ശരാശരിയിൽ 1326 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ചുറികളും ഒൻപത് അർധ സെഞ്ച്വറികറികളും ഉൾപ്പെടുന്നു. 110 റൺസാണ് ഉയർന്ന സ്കോർ. 34 ക്യാച്ചുകളും ദാസിന്റെ പേരിലുണ്ട്. ഏകദിനത്തിൽ നാല് ഇന്നിങ്സുകളിൽ നിന്ന് 39 റൺസാണ് സമ്പാദ്യം.

ആഭ്യന്തര ക്രിക്കറ്റിൽ 180 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 38.68 ശരാശരിയിൽ 10,908 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 24 സെഞ്ച്വറികളും 52 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 300 റൺസാണ് ഉയർന്ന സ്കോർ. 81 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 32.71 ശരാശരിയിൽ 2421 റൺസ് നേടി. ഇതിൽ നാലു സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 133 റൺസാണ് ഉയർന്ന സ്കോർ. കരിയറിലാകെ കളിച്ച മൂന്ന് ‌ടി20 മത്സരങ്ങളിൽ നിന്ന് 28 റൺസ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com