തുടങ്ങിയതും കണ്ണീരണിഞ്ഞ്, ഒടുവിൽ കയ്യിൽ കിരീടവും കാലം കഴിഞ്ഞ വയസൻ എന്ന് കുറ്റപ്പെടുത്തിയവരുടെ വായടപ്പിച്ച് 21 ​ഗോളുകളും

ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ കരുത്ത് കാണിച്ചായിരുന്നു സിമിയോണിയുടെ സംഘം കിരീടം ഉയർത്തിയത്
ലൂയിസ് സുവാരസ്/ഫോട്ടോ: ട്വിറ്റർ
ലൂയിസ് സുവാരസ്/ഫോട്ടോ: ട്വിറ്റർ


വയാഡോളിഡ്: 67ാം മിനിറ്റിൽ വല കുലുക്കി സുവാരസ് കിരീടത്തിൽ മുത്തമിടാൻ വിലങ്ങുതടിയായി നിന്ന സമനില പൂട്ട് പൊളിച്ചപ്പോൾ 2014ന് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് ലാ ലീ​ഗ ചാമ്പ്യന്മാരായി. അതിനൊപ്പം തന്നെ വിലകുറച്ച് കണ്ട് ഇറക്കി വിട്ടവർക്ക് സുവാരസിന്റെ മറുപടിയും. ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ കരുത്ത് കാണിച്ചായിരുന്നു സിമിയോണിയുടെ സംഘം കിരീടം ഉയർത്തിയത്. 

അത്ലറ്റിക്കോ കിരീടം ഉയർത്തിയപ്പോൾ ലോകം കണ്ടത്  കണ്ണുനീരടക്കാനാവാതെ ​ഗ്രൗണ്ടിൽ ഇരിക്കുന്ന സുവാരസിനെ. കണ്ണീരണിഞ്ഞായിരുന്നു സുവാരസ് സീസൺ തുടങ്ങിയതും. സീസൺ അവസാനിക്കുമ്പോൾ കയ്യിൽ കിരീടവും കാലം കഴിഞ്ഞ വയസൻ എന്ന് കുറ്റപ്പെടുത്തിയവരുടെ വായടപ്പിച്ച് അടിച്ചുകൂട്ടിയ 21 ​ഗോളുകളും. 

റയലിന്റെ മത്സര ഫലം എന്തായാലും വയാഡോളിഡിനെതിരെ ജയം പിടിച്ചാൽ കിരീടം ഉറപ്പാണെന്ന് മാഡ്രിഡിന് അറിയാമായിരുന്നു. പക്ഷേ 18ാം മിനിറ്റിൽ തന്നെ പ്ലാനോയുടെ ​ഗോളിലൂടെ വയാഡോളിഡ് മുൻപിലെത്തി. 57ാം മിനിറ്റിൽ കോറിയയിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. കഴിഞ്ഞ ആഴ്ച ഓസാസുനക്കെതിരെ ​ഗോൾ നേടി അത്ലറ്റിക്കോയുടെ കിരീട പ്രതീക്ഷയ്ക്ക് ജീവൻ പകർന്ന സുവാരസ് വീണ്ടും അവതരിച്ചു. തന്റെ പുതിയ ടീമിന്റെ കൈകളിലേക്ക് കിരീടം എടുത്തു വെച്ച് കൊടുത്തു. കഴിഞ്ഞ കളിയിൽ ഒസാസുനക്കെതിരെ അവസാന എട്ട് മിനിറ്റിൽ രണ്ട് ​ഗോൾ അടിച്ച് തിരികെ കയറി അവർ നയം വ്യക്തമാക്കിയിരുന്നു.

17 വർഷത്തിന് ശേഷം ഇത് രണ്ടാമത്തെ വട്ടം മാത്രമാണ് റയൽ, ബാഴ്സ അല്ലാത്തൊരു ടീം ലാ ലീ​ഗ കിരീടം ഉയർത്തുന്നത്. 2014ൽ സിമിയോണക്ക് കീഴിൽ അത്ലറ്റിക്കോ ലാ ലീ​ഗ കിരീടം ഉയർത്തി. ഫെബ്രുവരിയിൽ രണ്ടാം സ്ഥാനക്കാരിൽ നിന്ന് 10 പോയിന്റ് ലീഡ് ഉയർത്തിയ അത്ലറ്റിക്കോയ്ക്ക് പക്ഷേ കടുത്ത വെല്ലുവിളി സീസണിൽ നേരിടേണ്ടി വന്നിരുന്നു. മെയിലേക്ക് എത്തിയപ്പോഴേക്കും ഈ ലീ​ഡ് രണ്ടായി കുറഞ്ഞിരുന്നു. എന്നാൽ ഓസാസുനെതിരായ തകർപ്പൻ തിരിച്ചു വരവും ലീ​ഗിലെ 19ാം സ്ഥാനക്കാർ തുടക്കത്തിലെ സൃഷ്ടിച്ച സമ്മർദവും അതിജീവിച്ച് അത്ലറ്റിക്കോ കിരീടം സ്പാനിഷ് ക്യാപിറ്റലിൽ തന്നെ നിലനിർത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com