യൂറോയ്ക്ക് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീം അടിമുടി മാറും; ഹാന്‍സി ഫ്‌ളിക്ക് പുതിയ കോച്ച്; ഔദ്യോഗിക പ്രഖ്യാപനം

യൂറോയ്ക്ക് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീം അടിമുടി മാറും; ഹാന്‍സി ഫ്‌ളിക്ക് പുതിയ കോച്ച്; ഔദ്യോഗിക പ്രഖ്യാപനം
ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക്/ ട്വിറ്റർ
ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക്/ ട്വിറ്റർ

ബെര്‍ലിന്‍: ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സ് ഡെയ്റ്റര്‍ ഫ്‌ളിക്കിനെ നിയമിച്ചു. ഹാന്‍സി ഫ്‌ളിക്കിന്റെ നിയമനം ജര്‍മന്‍ ഫുട്‌ബോള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷത്തെ കരാറിലാണ് പരിശീലകന്‍ ഒപ്പു വച്ചിരിക്കുന്നത്. 

കഴിഞ്ഞ 15 വര്‍ഷമായി ജര്‍മന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ജോക്വിം ലോയുടെ പകരക്കാരനായാണ് ഫ്‌ളിക്ക് സ്ഥാനമേല്‍ക്കുന്നത്. ജൂണ്‍ 11ന് ആരംഭിക്കുന്ന യൂറോ കപ്പ്  പോരാട്ടത്തിന് പിന്നാലെ ലോ സ്ഥാനമൊഴിയും. ഇതിന് ശേഷമായിരിക്കും ഹാന്‍സി സ്ഥാനമേല്‍ക്കുക. 2022ലെ ഖത്തര്‍ ലോകകപ്പ്, 2024ലെ യൂറോ കപ്പ് പോരാട്ടങ്ങളാണ് ഹാന്‍സിക്ക് മുന്നിലുള്ള വെല്ലുവിളി. ബയേണ്‍ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലീഗ കിരീട നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് ഹാന്‍സി ദേശീയ ടീമിന്റെ കോച്ചായി കരാറില്‍ ഒപ്പിട്ടത്. 

മാരകമായ ആക്രമണ ഫുട്ബോളിന്റെ വക്താവായ ഫ്ളിക്ക് ബയേണ്‍ മ്യൂണിക്കില്‍ നിക്കോ കോവാചിന്റെ അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കോവാചിന്റെ കീഴില്‍ ബയേണിന് മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ 2019ല്‍ അദ്ദേഹത്തെ പുറത്താക്കി ഫ്ളിക്കിന് പരിശീലകന്റെ താത്കാലിക ചുമതല ക്ലബ് നല്‍കി. 

പിന്നീട് ഉജ്ജ്വലമായ മാറ്റമാണ് ടീമിന് സംഭവിച്ചത്. ഇതോടെ ക്ലബ് ഫ്ളിക്കിന് സ്ഥിരം കരാര്‍ നല്‍കി. കുറഞ്ഞ സമയം കൊണ്ട് ഏഴ് കിരീടങ്ങളാണ് ഫ്ളിക്ക് ബയേണിന്റെ ഷോക്കേസിലെത്തിച്ചത്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലീഗ, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളാണ് ഫ്ളിക്കിന്റെ തന്ത്രങ്ങളില്‍ ബയേണ്‍ സ്വന്തമാക്കിയത്. 

ഈ സീസണോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ഫ്ളിക്ക് ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. ഇതോടെ ജര്‍മനി ടീമിന്റെ പരിശീലക സ്ഥാനം ഫ്ളിക്ക് ഏറ്റെടുക്കമെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ ശരിവച്ച് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. 

നേരത്തെ ജോക്വിം ലോയുടെ സഹ പരിശീകനായി ജര്‍മന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ പരിചയവും ഫ്ളിക്കിനുണ്ട്. 2006 മുതല്‍ 2014 ലോകകപ്പ് നേട്ടം വരെ ലോയുടെ അസിസ്റ്റന്റ് ഫ്ളിക്കായിരുന്നു. 2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെ സെമി ഫൈനല്‍ പോരാട്ടത്തില്‍ 7-1ന് തകര്‍ത്ത, അവരുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കാനറികളെ എടുത്തെറിഞ്ഞ ജര്‍മന്‍ സംഘത്തിന്റെ ആ മാരക കളിയുടെ മാസ്റ്റര്‍ മൈന്‍ഡ് ഫ്ളിക്കായിരുന്നു എന്നത് പിന്നീട് പുറത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com