ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

'പുലർച്ചെ വാതിലിൽ മുട്ടുകേട്ട് ഇറങ്ങിനോക്കിയപ്പോൾ പന്ത്!' ഒരു മണിക്കൂർ യാത്രചെയ്ത് വന്നത് മാപ്പു പറയാൻ 

പരിശീലനത്തിനിടെ വഴക്കുകേട്ട പന്ത് ക്ഷമചോദിക്കാനാണ് പുലർച്ചെ പരിശീലകന്റെ വീട്ടിലെത്തിയത്

പുലർച്ചെ 3.30ന് മാപ്പു ചോദിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വീട്ടിലെത്തിയ സംഭവം ഓർത്തെടുക്കുകയാണ് താരത്തിന്റെ ബാല്യകാല പരിശീലകൻ തരക് സിൻഹ. പരിശീലനത്തിനിടെ വഴക്കുകേട്ട പന്ത് സിൻഹയെ വിഷമിപ്പിച്ചതിൽ ക്ഷമചോദിക്കാനാണ് പുലർച്ചെ ഒരു മണിക്കൂറോളം യാത്ര ചെയ്ത് പരിശീലകന്റെ വീട്ടിലെത്തിയത്. 

ദക്ഷിണ ഡൽഹിയിൽ സോണറ്റ് ക്ലബ്ബിലെ നെറ്റ് സെഷനിടെയാണ് സിൻഹ​യ്ക്ക് പന്തിനെ ശകാരിക്കേണ്ടിവന്നത്. "പിറ്റേന്ന് പുലർച്ചെ ഏതാണ്ട് മൂന്നര മണിക്ക് വീടിന്റെ വാതിലിൽ മുട്ടുകേട്ട് ഇറങ്ങിച്ചെല്ലുമ്പോൾ പുറത്ത് ഋഷഭ് പന്ത്. എന്നെ വിഷമിപ്പിച്ചതുകൊണ്ട് രാത്രി ഉറങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാനെത്തിയതാണ്. ആ സമയം എന്റെ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. അർധരാത്രി കഴിഞ്ഞ് ഒരു മണിക്കൂർ യാത്ര ചെയ്ത് ക്ഷമ ചോദിക്കാനായി പന്ത് എത്തിയ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു", സിൻഹ പറഞ്ഞു. 

അതേസമയം പന്തിനെ ഭാവി ഇന്ത്യൻ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനോട് സിൻഹ സംശയം പങ്കുവച്ചു. ടീമിൽ സ്ഥിരാംഗമാകാൻ കളിക്കാരനെന്ന നിലയിൽ തന്നെ പന്ത് സ്വയം തെളിയിക്കേണ്ടതുണ്ടെന്നും യുവതാരമെന്ന നിലയിൽ കുറച്ചുകൂടി പക്വതയാർജിച്ച ശേഷമേ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നൊക്കെ പറയാനാകൂ എന്നും സിൻഹ പറഞ്ഞു. ക്യാപ്റ്റന്റെ ചുമതല ലഭിക്കുമ്പോൾ വിറയ്ക്കുന്ന ആളൊന്നുമല്ല പന്ത്. ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം ഇത്തവണ നല്ല രീതിയിലാണ് ക്യാപ്റ്റന്റെ ചുമതല നിർവഹിച്ചത്. മുൻപ് രഞ്ജി ട്രോഫിയിലും ടീമിനെ ഫൈനലിലെത്തിച്ചതും സിൻഹ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com