കിരീടം നോക്കിയല്ല കളിക്കേണ്ടത്, ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തോട് സൗരവ് ഗാംഗുലി 

എളുപ്പത്തില്‍ ട്വന്റി20 ലോകകപ്പ് ചാമ്പ്യനാവാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ടീം അംഗങ്ങളെ ഓര്‍മിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എളുപ്പത്തില്‍ ട്വന്റി20 ലോകകപ്പ് ചാമ്പ്യനാവാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ടീം അംഗങ്ങളെ ഓര്‍മിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കിരീടത്തില്‍ മാത്രം ശ്രദ്ധ കൊടുത്തല്ല കളിക്കേണ്ടത് എന്നും എല്ലാ മത്സരവും ജയിക്കുകയാണ് വേണ്ടത് എന്നും ഗാംഗുലി പറഞ്ഞു. 

എളുപ്പത്തില്‍ ചാമ്പ്യനാവില്ല. ടൂര്‍ണമെന്റിലേക്ക് കാലെടുത്ത് വെച്ചു എന്നത് കൊണ്ടും ചാമ്പ്യനാവില്ല. വേണ്ട പ്രക്രീയകളിലൂടെയെല്ലാം കടന്നു പോകണം. പക്വത കാണിക്കണം, ട്വന്റി20 ലോക കിരീടം ഉയര്‍ത്താന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തോട് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ. 

ഈ ലെവലില്‍ സ്‌കോര്‍ ചെയ്യാനും വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവ് അവര്‍ക്കുണ്ട്. ഈ ലോകകപ്പ് ജയിക്കാന്‍ മാനസികമായി നല്ല നിലയില്‍ നില്‍ക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. ഫൈനല്‍ കഴിയുമ്പോഴാണ് കിരീടം നേടുന്നത്. അതിന് മുന്‍പ് നിങ്ങള്‍ ഒരുപാട് കളിക്കേണ്ടതുണ്ട്. എല്ലാ മത്സരവും ജയിക്കുന്നതിലേക്കാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തുടക്കത്തില്‍ തന്നെ കിരീടത്തിലേക്കല്ല നോക്കേണ്ടത് എന്നും ഗാംഗുലി പറഞ്ഞു. 

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഒക്ടോബര്‍ 18ന് 

ഫലം നോക്കാതെ പ്രക്രീയയില്‍ വിശ്വസിച്ച് തുടര്‍ന്ന് പോവുക എന്നതാണ് വേണ്ടത്. ലോകകപ്പ് ജയിക്കാനായാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് എന്ന ചിന്താഗതി തെറ്റാണ്. ഫൈനലിലേക്ക് എത്തുന്നത് വരെ അടുത്ത പന്ത് എന്താവും എന്നത് മാത്രമാവണം ചിന്ത എന്നും ബിസിസിഐ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു. 

ഒക്ടോബര്‍ 24നാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം. പാകിസ്ഥാനെ ഇവിടെ ഇന്ത്യ നേടുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സന്നാഹ മത്സരങ്ങള്‍ ഒക്ടോബര്‍ 18ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഒക്ടോബര്‍ 20നാണ് ഓസ്‌ട്രേലിയക്ക് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com