നാല് നെറ്റ് ബൗളര്‍മാരെ യുഎഇയില്‍ നിന്ന് തിരിച്ചയച്ച് ഇന്ത്യ, മടങ്ങിയത് സ്പിന്നര്‍മാര്‍ 

ഷഹ്ബാസ് അഹ്മദ്, വെങ്കടേഷ് അയ്യര്‍, കൃഷ്ണപ്പ ഗൗതം, കര്‍ണ് ശര്‍മ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്
ഫോട്ടോ: ഐപിഎല്‍, ബിസിസിഐ
ഫോട്ടോ: ഐപിഎല്‍, ബിസിസിഐ

ദുബായ്: നാല് നെറ്റ് ബൗളര്‍മാരെ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ. ഷഹ്ബാസ് അഹ്മദ്, വെങ്കടേഷ് അയ്യര്‍, കൃഷ്ണപ്പ ഗൗതം, കര്‍ണ് ശര്‍മ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. 

ഇവര്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കും.നവംബര്‍ നാലിനാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഇവര്‍ക്ക് വേണ്ട മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. 

ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റ് തുടങ്ങി കഴിഞ്ഞാല്‍ നെറ്റ് സെഷനുകള്‍ അധികമുണ്ടാവില്ല. നാട്ടിലേക്ക് മടങ്ങി മുഷ്താഖ് അലി ട്രോഫി കളിക്കുന്നതാവും ഈ സ്പിന്നര്‍മാര്‍ക്കെല്ലാം ഗുണം ചെയ്യുക എന്നാണ് സെലക്ടര്‍മാര്‍ വിലയിരുത്തിയത്. 

ഐപിഎല്ലില്‍ തിളങ്ങി വെങ്കടേഷ് അയ്യര്‍

ഐപിഎല്‍ ടീമിന്റേയും ഭാഗമായിരുന്നു ഈ നാല് താരങ്ങള്‍. എന്നാല്‍ വെങ്കടേഷ് അയ്യര്‍ക്കും ഷഹ്ബാസ് അഹ്മദിനും മാത്രമാണ് ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായത്. കൊല്‍ക്കത്തക്ക് വേണ്ടിയാണ് വെങ്കടേഷ് അയ്യര്‍ തിളങ്ങിയത്. ബാംഗ്ലൂരിന് വേണ്ടിയാണ് ഷഹ്ബാസ് ഇറങ്ങിയത്. കൃഷ്ണപ്പ ഗൗതമിനും കര്‍ണ്‍ ശര്‍മയ്ക്കും വേണ്ടത്ര മത്സരങ്ങളില്‍ അവസരം ലഭിച്ചില്ല. 

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ പോരില്‍ പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 5-0ന്റെ വിജയ കണക്കാണ് ഇന്ത്യക്ക് പറയാനുള്ളത്. ലോകകപ്പില്‍ എല്ലാമായി 12-0ന്റെ റെക്കോര്‍ഡും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com