രക്ഷകന്‍ ക്രിസ്റ്റ്യാനോ! ചാമ്പ്യന്‍സ് ലീഗിലെ ഇഞ്ചുറി ടൈമിലെ 12ാം ഗോള്‍; രണ്ടാമതുള്ള മെസിയേക്കാള്‍ ഇരട്ടി

ചാമ്പ്യന്‍സ് ലീഗില്‍ 90ാം മിനിറ്റിലോ അതിന് ശേഷമോ ക്രിസ്റ്റിയാനോ നേടുന്ന 12ാമത്തെ കരിയര്‍ ഗോളാണ് ഇത്
ഫോട്ടോ: ചാമ്പ്യന്‍സ് ലീഗ്‌, ട്വിറ്റർ
ഫോട്ടോ: ചാമ്പ്യന്‍സ് ലീഗ്‌, ട്വിറ്റർ

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിന് എതിരെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ബലത്തില്‍ രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 1-1ന് സമനിലയില്‍ കളി അവസാനിക്കും എന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ അഞ്ചാം മിനിറ്റില്‍ ചെകുത്താന്മാര്‍ക്കായി ക്രിസ്റ്റിയാനോയുടെ വിജയ ഗോള്‍ എത്തി. 

ചാമ്പ്യന്‍സ് ലീഗില്‍ 90ാം മിനിറ്റിലോ അതിന് ശേഷമോ ക്രിസ്റ്റിയാനോ നേടുന്ന 12ാമത്തെ കരിയര്‍ ഗോളാണ് ഇത്. ഇവിടെ ക്രിസ്റ്റ്യാനോയ്ക്ക് പിന്നില്‍ നില്‍ക്കുന്ന മെസിയുടെ അക്കൗണ്ടിലുള്ളത് ആറ് ഗോളുകള്‍ മാത്രം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിന്നിലേക്ക് വീണിരുന്നു. 53ാം മിനിറ്റില്‍ പാക്കോ അല്‍ക്കാസറാണ് വിയ്യാറയലിനായി ഗോള്‍വല കുലുക്കിയത്. എന്നാല്‍ 60ാം മിനിറ്റില്‍ തന്നെ ടെല്ലസിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ചു.

മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോഴാണ് ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ ജയത്തിലേക്ക് ക്രിസ്റ്റ്യാനോ ടീമിനെ എത്തിച്ചത്. ഇടത് ഭാഗത്ത് നിന്ന് ലഭിച്ച പന്ത് ക്രിസ്റ്റ്യാനോ ലിങ്ഗാര്‍ഡിന് നല്‍കി. വിയ്യാറയല്‍ പ്രതിരോധനിര താരങ്ങള്‍ക്കിടയില്‍ ലിങ്ഗാര്‍ഡ് വീണപ്പോള്‍ പന്ത് ക്രിസ്റ്റ്യാനോയുടെ കാലുകളിലേക്ക് തന്നെ എത്തി. പിഴവുകളില്ലാതെ അവിടെ സൂപ്പര്‍ താരം ഫിനിഷ് ചെയ്തു. 

ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍  യങ് ബോയ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുനൈറ്റഡ് തോറ്റിരുന്നു. വിയ്യാറയലിന് എതിരെ സമനിലയില്‍ കുടുങ്ങിയിരുന്നു എങ്കില്‍ യുനൈറ്റഡിന്റെ ആത്മവിശ്വാസത്തെ അത് ഉലച്ചാനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com