നവാഗതർക്ക് തകർപ്പൻ ജയം; ഹൈദരാബാദിനെ കീഴടക്കി ലഖ്നൗ 

സീസണിൽ ലഖ്‌നൗവിന്റെ രണ്ടാം ജയമാണിത്
ഹൈദരാബാദിന്റെ അബ്ദുൾ സമദിന്റെ വിക്കറ്റ് ആഘോഷിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആവേശ് ഖാൻ‌/ചിത്രം: പിടിഐ
ഹൈദരാബാദിന്റെ അബ്ദുൾ സമദിന്റെ വിക്കറ്റ് ആഘോഷിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആവേശ് ഖാൻ‌/ചിത്രം: പിടിഐ

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി നവാഗതരായ ലഖ്നൗ സൂപ്പർ ജയന്റ്സ് തകർപ്പൻ ജയം സ്വന്തമാക്കി. 12 റൺസിനായിരുന്നു ജയം. ലഖ്നൗ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. സീസണിൽ ലഖ്‌നൗവിന്റെ രണ്ടാം ജയമാണിത്. 

സൺറൈസേഴ്സ് താരങ്ങളായ രാഹുൽ ത്രിപാഠിയും നിക്കോളാസ് പുരനും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 170 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദിന് നാലാം ഓവറിൽ തന്നെ ആദ്യ തിരിച്ചടി കിട്ടി. 6 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ആവേശ് ഖാൻ പുറത്താക്കി. തൊട്ടുപിന്നാലെ ആറാം ഓവറിൽ അടുത്ത വിക്കറ്റ് വീണു. അഭിഷേക് ശർമയേയും (13) ആവേശ് തന്നെ കുടുക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ ത്രിപാഠി - ഏയ്ഡൻ മാർക്രം സഖ്യം സ്‌കോർ 82 വരെയെത്തിച്ചു. 12 റൺസ് നേടിയ മാർക്രത്തെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.  രാഹുൽ ത്രിപാഠിയേയും മടക്കി ക്രുനാൽ ലഖ്നൗവിന് മുൻതൂക്കം നൽകി. 44 റൺസെടുത്താണ് ത്രിപാഠി മടങ്ങിയത്. 30 പന്തുകൾ നേരിട്ട് ഒരു സിക്‌സും അഞ്ച് ഫോറും താരം നേടി. 

നിക്കോളാസ് പുരൻ - വാഷിങ്ടൺ സുന്ദർ സഖ്യം 48 റൺസ് കൂട്ടിച്ചേർത്ത് പ്രതീക്ഷ നൽകിയെങ്കിലും 18-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായി. ആവേഷ് ഖാൻ ആണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 34 റൺസാണ് പൂരൻ നേടിയത്. പിന്നാലെയെത്തിയ സമദ് ആദ്യ പന്തിൽ പുറത്തായി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഹോൾഡർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ 18 റൺസെടുത്ത വാഷിങ്ടൺ സുന്ദർ പുറത്തായി. അതേ ഓവറിൽ ഭുവനേശ്വർ കുമാറും (1), റൊമാരിയോ ഷെപ്പേർഡും(8) പുറത്തായതോടെ ലഖ്‌നൗവിന് 12 റൺസിന്റെ ജയം നേടി. 

നാല് ഓവറിൽ വെറും 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലഖ്‌നൗവിനെ വിജയതീരത്തെത്തിച്ചത്.  ജേസൺ ഹോൾഡർ മൂന്നും ക്രുണാൽ പാണ്ഡ്യ രണ്ടും വിക്കറ്റുകൾ നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് കണ്ടെത്തി. ക്യാപ്റ്റൻ കെഎൽ രാഹുൽ, മധ്യനിര ബാറ്റർ ദീപക് ഹൂഡ എന്നിവരുടെ അർധ ശതകങ്ങളുടെ ബലത്തിലാണ് ലഖ്‌നൗ ഭേദപ്പെട്ട സ്കോറിലെത്തിയത്. രാഹുൽ 50 പന്തുകൾ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും സഹിതം 68 റൺസ് കണ്ടെത്തി. ഹൂഡ 33 പന്തുകളിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 51 റൺസ് അടിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com