ക്യാപ്റ്റൻ 50*; പാണ്ഡ്യയുടെ മികവിൽ ടൈറ്റൻസ്, ഹൈദരാബാദിനു 163 റൺസ് വിജയലക്ഷ്യം 

20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റൻസ് 162 റൺസെടുത്തത്
ഹാർദിക് പാണ്ഡ്യയും അഭിനവ് മനോഹറും ക്രീസിൽ/ ചിത്രം: പിടിഐ
ഹാർദിക് പാണ്ഡ്യയും അഭിനവ് മനോഹറും ക്രീസിൽ/ ചിത്രം: പിടിഐ

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ 163 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നേടി ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ടീം 162 റൺസെടുത്തത്.

ഐപിഎൽ 15–ാം സീസണിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമെന്ന റെക്കോർഡ് കുറിച്ചായിരുന്നു ടൈറ്റൻസിന്റെ തുടക്കം. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീടങ്ങോട്ട് തുടരാനായില്ല. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. അഞ്ചാം വിക്കറ്റിൽ യുവതാരം അഭിനവ് മനോഹറിനൊപ്പം ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹാർദിക് 42 പന്തിൽ നിന്ന് നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. അഭിനവ് 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു. 32 പന്തിൽനിന്ന് ഇരുവരും ചേർന്ന് 50 റൺസ് നേടി. ഓപ്പണർ മാത്യു വെയ്ഡ് 19റൺസ്, ശുഭ്മൻ ഗിൽ ഏഴ് റൺസ്, സായ് സുദർശൻ (11), ഡേവിഡ് മില്ലർ (12), രാഹുൽ തെവാത്തിയ (6) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 

ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ടി.നടരാജൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഉമ്രാൻ മാലിക്ക് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഐപിഎൽ 15–ാം സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. കളിച്ച മൂന്നു കളികളും ജയിച്ച ടീം ആറു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com