തകർത്തടിച്ച് രാഹുൽ ത്രിപാഠിയും മാർക്രവും; കൊൽക്കത്തയെ അനായാസം വീഴ്ത്തി ഹൈദരാബാദ്; തുടർച്ചയായ മൂന്നാം ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രവും പൊരുതി നിന്നപ്പോൾ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ മൂന്നാം ജയം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടം അവർ ഏഴ് വിക്കറ്റിന് വിജയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി. സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ച ഹൈദരാബാദ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 

സൺറൈസേഴ്സ് ഹൈദരാബാദ് ജഴ്സിയിൽ ആദ്യ അർധ സെഞ്ച്വറിയുമായി രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രവും കളം നിറഞ്ഞു. രാഹുൽ ത്രിപാഠി 71 റൺസുമായി ഹൈദരാബാദിന്റെ ടോപ് സ്കോററായി. പഴയ തട്ടകമായ കൊൽക്കത്തയ്‍ക്കെതിരെ 37 പന്തിലാണ് ത്രിപാഠി 71 റൺസടിച്ചത്. ഇതിൽ നാല് ഫോറും ആറ് സിക്സും ഉൾപ്പെടുന്നു.

ഐപിഎലിലെ രണ്ടാമത്തെ അർധ സെഞ്ച്വറി കണ്ടെത്തിയ എയ്ഡൻ മാർക്രം 68 റൺസുമായി പുറത്താകാതെ നിന്നു. 36 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് മാർക്രം 68 റൺസെടുത്തത്. പാറ്റ് കമ്മിൻസ് എറിഞ്ഞ 18–ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഫോറും രണ്ട് സിക്സും നേടിയാണ് മാർക്രം ടീമിനു വിജയം സമ്മാനിച്ചത്.

സ്കോർ ബോർഡിൽ 39 റൺസുള്ളപ്പോൾ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ത്രിപാഠി – മാർക്രം സഖ്യം പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് വിജയത്തിന് അടിത്തറയായത്. വെറും 54 പന്തിലാണ് ഇരുവരും 94 റൺസ് അടിച്ചുകൂട്ടിയത്. വിജയത്തിനരികെ ത്രിപാഠി പുറത്തായെങ്കിലും നിക്കോളാസ് പൂരനെ സാക്ഷിനിർത്തി മർക്രം ടീമിനു വിജയം സമ്മാനിച്ചു. പൂരൻ എട്ട് പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണർമാരായ അഭിഷേക് ശർമ (10 പന്തിൽ മൂന്ന്), കെയ്ൻ വില്യംസൻ (16 പന്തിൽ 17) എന്നിവരാണ് ഹൈദരാബാദ് നിരയിൽ പുറത്തായ മറ്റുള്ളവർ. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് 3.5 ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്ന് വിക്കറ്റൊന്നും ലഭിച്ചില്ല.

ഇടവേളയ്ക്കു ശേഷം ഐപിഎലിൽ അർധ സെഞ്ച്വറിയുമായി മിന്നിയ നിതീഷ് റാണയുടെ മികവിലാണ് കൊൽക്കത്ത 176 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. 19 ഇന്നിങ്സുകൾക്കിടെ ആദ്യമായി അർധ സെഞ്ച്വറി തികച്ച നിതീഷ് റാണ 54 റൺസുമായി കൊൽക്കത്തയുടെ ടോപ് സ്കോററായി. 36 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് റാണ 54 റൺസെടുത്തത്.

റാണയ്ക്കു പുറമേ കൊൽക്കത്ത നിരയിൽ രണ്ടക്കം കണ്ടത് രണ്ട് പേർ മാത്രമാണ്. അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രെ റസ്സൽ 49 റൺസുമായി പുറത്താകാതെ നിന്നു. 25 പന്തിൽ നാല് വീതം സിക്സും ഫോറും സഹിതമാണ് റസ്സൽ 49 റൺസെടുത്തത്. 25 പന്തിൽ മൂന്ന് ഫോറുകളുടെ അകമ്പടിയോടെ 28 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് രണ്ടക്കം കണ്ട മറ്റൊരു താരം. കൊൽക്കത്ത താരങ്ങൾക്ക് ഒരു അർധ സെഞ്ച്വറി കൂട്ടുകെട്ട് പോലും പടുത്തുയർത്താനായില്ല.

കൊൽക്കത്ത ജഴ്സിയിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓപ്പണർ ആരോൺ ഫിഞ്ച് ചെറിയ സ്കോറിൽ പുറത്തായി. ഫിഞ്ച് ഒരു സിക്സർ നേടിയെങ്കിലും അഞ്ച് പന്തിൽ നേടാനായത് ഏഴ് റൺസ് മാത്രം. സീസണിലെ മോശം ഫോം തുടരുന്ന മറ്റൊരു ഓപ്പണർ വെങ്കടേഷ് അയ്യർ 13 പന്തിൽ ഒരേയൊരു ഫോർ സഹിതം ആറ് റൺസെടുത്തും പുറത്തായി.

സുനിൽ നരെയ്ൻ (രണ്ട് പന്തിൽ ആറ്), ഷെൽഡൻ ജാക്സൻ (ഏഴ് പന്തിൽ ഏഴ്), പാറ്റ് കമ്മിൻസ് (മൂന്ന് പന്തിൽ മൂന്ന്), ഐപിഎൽ അരങ്ങേറ്റത്തിൽ ആദ്യ പന്തിൽത്തന്നെ ബൗണ്ടറി കണ്ടെത്തിയ അമൻ ഹക്കിം ഖാൻ (മൂന്ന് പന്തിൽ അഞ്ച്) എന്നിവർക്കും കാര്യമായി തിളങ്ങാനായില്ല. ഉമേഷ് യാദവ് (1) പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി നാല് ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ടി നടരാജന്റെ പ്രകടനം ശ്രദ്ധേയമായി. ഉമ്രാൻ മാലിക്ക് നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാർക്കാൻ ജാൻസൻ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ജഗദീശ സുചിത് മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com