'ഇപ്പോഴും അത് ഓര്‍ത്ത് അഭിമാനിക്കുന്നു'; ആ 10 വിക്കറ്റ് ജയത്തിന്റെ ഹാങ്ഓവറില്‍ ഷഹീന്‍ അഫ്രീദി

ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്ക് എതിരായ 10 വിക്കറ്റ് ജയം ഓര്‍ത്ത് ഇപ്പോഴും താന്‍ അഭിമാനിക്കുന്നതായി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്ക് എതിരായ 10 വിക്കറ്റ് ജയം ഓര്‍ത്ത് ഇപ്പോഴും താന്‍ അഭിമാനിക്കുന്നതായി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. വ്യക്തിപരമായി അത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു എന്നും ഷഹീന്‍ അഫ്രീദി പറഞ്ഞു. 

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരുപാട് പേര്‍ കാണുന്നു. ക്രിക്കറ്റ് ഇഷ്ടമല്ലാത്തവര്‍ പോലും കാണും. ആ ജയത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. ഞങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാനായില്ല. എന്നാല്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ നന്നായി കളിച്ചു. അടുത്ത ലോകകപ്പിലും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും, ഷഹീന്‍ അഫ്രീദി പറയുന്നു. 

മുഹമ്മദ് ഹഫീസും ഷുഐബ് മാലിക്കും ഒഴികെ മറ്റ് കളിക്കാരെല്ലാം ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യമായി കളിച്ചവരാണ്. ഞങ്ങള്‍ക്കത് ഒരു അവസരമായിരുന്നു. ഞങ്ങള്‍ നന്നായി ഒരുങ്ങിയിരുന്നു. പരസ്പരം വളരെ അധികം വിശ്വാസമുണ്ടായി. ബാബര്‍ അസം എന്നേയും ടീമിനേയും വളരെ അധികം പിന്തുണച്ചു. ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം സൗഹാര്‍ദപരമായിരുന്നു എന്നും പാകിസ്ഥാന്റെ യുവ പേസര്‍ പറഞ്ഞു. 

ഷഹീന് കഴിഞ്ഞില്ലെങ്കില്‍ ഹസന് കഴിയും എന്ന ചിന്തയായിരുന്നു ഡ്രസ്സിങ് റൂമില്‍. ഹസന് കഴിഞ്ഞില്ലെങ്കില്‍ ഹാരിസ് റൗഫിന് കഴിയും എന്ന്. നല്ല ക്രിക്കറ്റ് കളിച്ച് നാട്ടിലുള്ളവരെ സന്തോഷിപ്പിക്കാനായി. ശരിയായ രീതിയില്‍ കാര്യങ്ങള്‍ നടന്നതില്‍ സന്തോഷം എന്നും ഷഹീന്‍ അഫ്രീദി പറഞ്ഞു.

സ്ലോ ബൗണ്‍സറാണ് ഞാന്‍ കോഹ് ലിക്കെതിരെ എറിഞ്ഞത് 

കോഹ് ലി, രാഹുല്‍, രോഹിത് എന്നിവരെ പുറത്താക്കിയതിനെ കുറിച്ചും ഷഹീന്‍ പ്രതികരിക്കുന്നു. ലെഗ് സൈഡിലെ ബൗണ്ടറി ചെറുതായിരുന്നു. 60-65 മീറ്റര്‍ മാത്രം. അവിടെ സ്‌ട്രെയ്റ്റ് ആയി കോഹ് ലിക്ക് എതിരെ ഞാന്‍ എറിഞ്ഞാല്‍ കോഹ് ലി എന്നെ ഫഌക്ക് ചെയ്യുകയോ പുള്‍ ചെയ്യുകയോ ചെയ്യും. അതിനാല്‍ സ്ലോ ബൗണ്‍സറാണ് ഞാന്‍ കോഹ് ലിക്കെതിരെ എറിഞ്ഞത്. ഇതോടെ ലെഗ് സൈഡിലേക്ക് കളിക്കാന്‍ കോഹ് ലിക്ക് പ്രയാസമായി. 

കോഹ് ലിയെ ഞാന്‍ ഏറെ ആരാധിക്കുന്നു. ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ് ലി. രോഹിത്തും കോഹ് ലിയും രാഹുലുമാണ് അവരുടെ പ്രധാന കളിക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് കളിക്കാരാണ്. കോഹ് ലിയാണ് അവരുടെ നട്ടെല്ല്. ഇവരെ പുറത്താക്കി കഴിഞ്ഞാല്‍ പിന്നെ അവരുടെ മധ്യനിരയ്ക്ക് പ്രയാസമാവും. ഇവരില്‍ ഒരാള്‍ ഏറെ സമയം ബാറ്റ് ചെയ്താല്‍ പിന്നെ വരുന്ന ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാവും. അവിടെ എനിക്ക് രാഹുലിനേയും രോഹിത്തിനേയും ലഭിച്ചു, ഷഹീന്‍ അഫ്രീദി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com