'ഇനി അടുത്ത തലമുറ കളിക്കട്ടെ'- ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര; ഈ നാല് സീനിയര്‍ താരങ്ങള്‍ പുറത്താകും

ഇനി അടുത്ത തലമുറ കളിക്കട്ടെ- ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര; ഈ നാല് സീനിയര്‍ താരങ്ങള്‍ പുറത്താകും
'ഇനി അടുത്ത തലമുറ കളിക്കട്ടെ'- ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര; ഈ നാല് സീനിയര്‍ താരങ്ങള്‍ പുറത്താകും

മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടീം സംബന്ധിച്ച ചര്‍ച്ചകളും സജീവം. വിരാട് കോഹ്‌ലി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പുതിയ ടെസ്റ്റ് ക്യാപ്റ്റനെ കൂടി പ്രഖ്യാപിക്കേണ്ടതുണ്ട്.

നിലവില്‍ പരിമിത ഓവറില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിത് തന്നെ ടെസ്റ്റിലും ഇന്ത്യയെ നയിക്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കെഎല്‍ രാഹുലാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം. 

അതിനിടെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി നാട്ടില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് നാല് സീനിയര്‍ താരങ്ങളെ പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്നുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 100 ടെസ്റ്റിന് മുകളില്‍ കളിച്ച് പരിചയമുള്ള പേസര്‍ ഇഷാന്ത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ, മുന്‍ ബാറ്റര്‍മാരായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഇഷാന്തും സാഹയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരത്തിലും കളത്തിലിറങ്ങാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. രഹാനെ- പൂജാര സഖ്യമാകട്ടെ അവസരം കിട്ടിയിട്ടും നിരന്തരം ഫോമില്ലാതെ ഉഴറി. ഇരുവരോടും രഞ്ജി ട്രോഫി കളിച്ച് ഫോം വീണ്ടെടുക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഉപദേശിച്ചിരുന്നു. 

രഹാനെ മുംബൈ ടീമിലും പൂജാര സൗരാഷ്ട്രയ്ക്കായും കളത്തിലിറങ്ങും. അതേസമയം ഇഷാന്ത്, സാഹ എന്നിവരുടെ രഞ്ജി ട്രോഫിയിലെ സാന്നിധ്യവും ഉറപ്പായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com