പെനാല്‍റ്റിയില്‍ വീണു; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി; പോയിന്റ് പട്ടികയില്‍ അഞ്ചാമത്

ഐഎസ്എല്ലില്‍ എതിരില്ലാത്ത മുന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ജംഷഡ്പുര്‍ എഫ്‌സി.
ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിനിടെ ചിത്രം ട്വിറ്റര്‍
ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിനിടെ ചിത്രം ട്വിറ്റര്‍

ഗോവ: ഐഎസ്എല്ലില്‍ എതിരില്ലാത്ത മുന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ജംഷഡ്പുര്‍ എഫ്‌സി. മത്സരത്തില്‍ രണ്ട് പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ചത്. തോൽ‌വിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ ജംഷഡ്പുർ 25 പോയിന്റോടെ 2–ാം സ്ഥാനത്തേക്കുയർന്നു

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പു ജംഷഡ്പുര്‍ നേടിയ പെനല്‍റ്റി മത്സരത്തിന്റെ ഗതി മാറ്റി. 

ജംഷഡ്പുര്‍ മധ്യനിര താരം ഗ്രെഗ് സ്റ്റിവര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര താരം ദിനെചന്ദ്രം മെയ്‌തേയ് അനാവശ്യമായി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതാണു തിരിച്ചടിയായത്. കിക്കെടുത്ത സ്റ്റുവര്‍ട്ടിനു പിഴച്ചില്ല. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിയിലേക്ക് തിരിച്ചെത്തും മുമ്പ് അടുത്ത പെനാല്‍റ്റിയും വന്നു. ഇത്തവണ ലെസ്‌കോവിച്ചിന്റെ ടാക്കിള്‍ ആണ് പെനാല്‍റ്റിയിലേക്ക് എത്തിച്ചത്. ഇതു പനേങ്ക കിക്കിലൂടെ സ്റ്റുവര്‍ട്ട് ലക്ഷ്യത്തിലെത്തിച്ചു. 

രണ്ടു ഗോളിന് പിന്നില്‍ ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് തളര്‍ന്നു. 54ാം മിനിറ്റില്‍ മൂന്നാം ഗോളും വഴങ്ങി. ചിമയുടെ മനോഹരമായൊരു സ്‌ട്രൈക്കിലൂടെ ജംഷഡ്പുര്‍ വിജയമുറപ്പിച്ചു. താരത്തിന്റെ മൂന്നു മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ഗോളാണിത്. 

വിജയത്തോടെ ബ്ലാസ്‌റ്റേഴസിനെ മറികടന്ന് ജെംഷഡ്പുര്‍ രണ്ടാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 25 പോയിന്റാണ് ജെംഷഡ്പുരിനുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com