സൗരവ് ഗാംഗുലിയുട മകള്‍ സനയ്ക്കും കോവിഡ്, ഡോണയുടെ ഫലം നെഗറ്റീവ്‌

ഗാംഗുലിക്ക് കോവിഡ് പോസിറ്റീവായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മകള്‍ സനയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ മകള്‍ക്ക് കോവിഡ്. ഗാംഗുലിക്ക് കോവിഡ് പോസിറ്റീവായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മകള്‍ സനയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. 

സനയ്ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ഗാംഗുലിയുടെ ഭാര്യ ഡോണയുടെ കോവിഡ് ഫലം നെഗറ്റീവാണ്. ഡിസംബര്‍ 27നാണ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ പ്ലസ് വകഭേദമാണ് ബാധിച്ചത്. 

കോവിഡ് പോസിറ്റീവായതിന് പിന്നാലെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നതോടെ ഡിസ്ചാര്‍ജ് ചെയ്തു. ഒമൈക്രോണ്‍ വകഭേദം അല്ല ഗാംഗുലിയെ ബാധിച്ചത് എന്നതും ആശ്വാസമായി. 

ഗാംഗുലിക്ക് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ

ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സയ്ക്കാണ് ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ വിധേയനായത്. ഗാംഗുലിയുടെ സഹോദരനും കഴിഞ്ഞ വര്‍ഷം കോവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഒരു ഇടവേള എടുത്താണ് ഗാംഗുലി വീണ്ടും ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍ ഉള്‍പ്പെടെ വലിയ നിലയില്‍ യാത്രകള്‍ വേണ്ടി വന്നിരുന്നു. ഇതില്‍ നിന്നാവാം അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com