'ഒരു ബൗളര്‍ ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ എന്താണ് കുഴപ്പം? അദ്ദേഹം മാച്ച് വിന്നറല്ലേ'- പേസറെ ചൂണ്ടി ഹര്‍ഭജന്‍

'ഒരു ബൗളര്‍ ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ എന്താണ് കുഴപ്പം? അദ്ദേഹം മാച്ച് വിന്നറല്ലേ'- പേസറെ ചൂണ്ടി ഹര്‍ഭജന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത സ്ഥാനമൊഴിയില്‍ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ടി20 നായക സ്ഥാനം ഒഴിഞ്ഞ കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ മാറ്റിയത് വലിയ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. രോഹിത് തന്നെ ടെസ്റ്റിലും ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ആര്‍ക്ക് എന്നതും വലിയ ചര്‍ച്ചയായി തന്നെ തുടരുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 

ഒരു ബൗളര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയാല്‍ എന്താണ് കുഴപ്പമെന്നാണ് ഹര്‍ഭജന്‍ ചോദിക്കുന്നത്. രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ ആ സ്ഥാനത്തേക്ക് ഒരു ബൗളറെ കൊണ്ടു വരണമെന്നാണ് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നത്. ജസ്പ്രിത് ബുമ്‌റ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കട്ടെ എന്നാണ് ഹര്‍ഭജന്‍ നിരീക്ഷിക്കുന്നത്. 

'രോഹിത് ശര്‍മ നായകന്‍ ആകട്ടെ എന്നാണ് എന്റെ അഭിപ്രായം. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാകാന്‍ രോഹിതിന് സാധിക്കും. മൂന്ന് ഫോര്‍മാറ്റിലും നായകനാകാന്‍ രോഹിതിന് താത്പര്യമില്ലെങ്കില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനത്ത് ഞാന്‍ ജസ്പ്രിത് ബുമ്‌റയെ പിന്തുണയ്ക്കും. ഒരു പേസ് ബൗളര്‍ക്ക് ഉയര്‍ന്ന രീതിയില്‍ തന്നെ ചിന്തിക്കാന്‍ സാധിക്കുമെന്നതിനാല്‍ ബുമ്‌റയെ ടെസ്റ്റ് ക്യാപ്റ്റനാക്കണം.' 

'കപില്‍ ദേവ് ഒരു ബൗളറായിരുന്നു. അതുപോലെ ഒരു ബൗളറെ എന്തുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചുകൂട? നിലവില്‍ ഇന്ത്യന്‍ ടീമിലെ മികച്ച മാച്ച് വിന്നര്‍മാരില്‍ ഒന്നാമത് നില്‍ക്കുന്നത് ബുമ്‌റയാണ്. ബൗളറെന്ന നിലയില്‍ എത്രയോ മത്സരങ്ങളില്‍ ബുമ്‌റ ഇന്ത്യക്ക് വിജയം സമ്മാനിച്ച താരമാണ്. അതിനാല്‍ രോഹിതിന് താത്പര്യമില്ലെങ്കില്‍ ബുമ്‌റ ടെസ്റ്റ് ടീമിനെ നയിക്കട്ടെ'- ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. 

കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. 14 ടെസ്റ്റുകളില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെ ഈയിടെ സമാപിച്ച പോരാട്ടങ്ങളില്‍ രണ്ടാം ടെസ്റ്റിലും മൂന്ന് ഏകദിന മത്സരങ്ങളിലും താത്കാലിക ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ നിയോഗിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ബുമ്‌റയായിരുന്നു. ശ്രീലങ്കക്കെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി ബിസിസിഐ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com