300ന് മുകളില്‍ ചെയ്‌സ് ചെയ്ത് ജയിച്ചത് 5 വട്ടം; ഇംഗ്ലണ്ട് ചരിത്രമെഴുതിയ 4ാം ഇന്നിങ്‌സുകള്‍ 

എഡ്ജ്ബാസ്റ്റണിലെ ചരിത്രമെഴുതിയ ചെയ്‌സിന് മുന്‍പ് ഇംഗ്ലണ്ട് നാലാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്ന് നേടിയ റണ്‍വേട്ടയിലേക്ക് ചൂണ്ടുകയാണ് ഐസിസി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ റണ്‍ ചെയ്‌സാണ് ബിര്‍മിങ്ഹാം ടെസ്റ്റില്‍ കണ്ടതെന്ന് ഐസിസി. ബെന്‍ സ്റ്റോക്ക്‌സിനും മക്കല്ലത്തിനും കീഴിലേക്ക് എത്തിയതിന്റെ പുത്തനുണര്‍വിലാണ് 378 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ജയം പിടിച്ചത്. 

എഡ്ജ്ബാസ്റ്റണിലെ ചരിത്രമെഴുതിയ ചെയ്‌സിന് മുന്‍പ് ഇംഗ്ലണ്ട് നാലാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്ന് നേടിയ റണ്‍വേട്ടയിലേക്ക് ചൂണ്ടുകയാണ് ഐസിസി. 

വിജയ ലക്ഷ്യം 305, എതിരാളി ന്യൂസിലന്‍ഡ്, 1997

ന്യൂസിലന്‍ഡിന് എതിരെ 1997ലെ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 228 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ ടോട്ടല്‍. 346 പന്തില്‍ നിന്ന് അവിടെ 94 റണ്‍സോടെ ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ മൈക്ക് അതേര്‍ടണ്‍. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് കിട്ടിയത് 118 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ 186 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിന് മുന്‍പിലേക്ക് അവര്‍ 305 റണ്‍സ് വെച്ചു. 

രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ അതേര്‍ട്ടന്‍ മുന്‍പില്‍ നിന്ന് നയിച്ചു. സെഞ്ചുറി നേടിയാണ് അതേര്‍ട്ടന്‍ മടങ്ങിയത്. 305 റണ്‍സ് ചെയ്‌സ് ചെയ്യവെ 6-231 എന്ന നിലയിലേക്ക് വീണെങ്കിലും ജോണ്‍ ക്രൗലിയും ഡൊമിനിക് കോര്‍ക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ചു. 

2001ലെ ആഷസ്, നാലാം ടെസ്റ്റ്, വിജയ ലക്ഷ്യം 315

2001ലെ ആഷസില്‍ ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച് ഓസ്‌ട്രേലിയ നില്‍ക്കുന്ന സമയം. എന്നാല്‍ നാലാം ടെസ്റ്റില്‍ ഓസീസിനെ ഇംഗ്ലണ്ട് അസ്വസ്ഥപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ 447 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 309 റണ്‍സില്‍ അവസാനിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ 138 റണ്‍സ് ലീഡ് കിട്ടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 176ന് ഡിക്ലയര്‍ ചെയ്തു. ഇതോടെ നാലാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം 315. കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ നില്‍ക്കെ ഇംഗ്ലണ്ട് 33-2ലേക്ക് വീണു. എന്നാല്‍ മാര്‍ക്ക് ബുച്ചറിന്റേയും നാസര്‍ ഹുസെയ്‌ന്റേയും കൂട്ടുകെട്ട് കളി തിരിച്ചു. 173 റണ്‍സോടെ ബുച്ചര്‍ പുറത്താവാതെ നിന്നു. നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ചരിത്ര ജയവും തൊട്ടു. 

വിജയ ലക്ഷ്യം 359, ലീഡ്‌സില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും, 2019

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 179 റണ്‍സിന് ഓള്‍ഔട്ടായി. എന്നാല്‍ അതിലും വലിയ നാണക്കേടാണ് ഇംഗ്ലണ്ടിനെ കാത്തിരുന്നത്. 67 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് ഒരാള്‍ മാത്രം. 12 റണ്‍സ് എടുത്ത ജോ ഡെന്‍ലി. 

രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ട്. ഇതോടെ നാലാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്‍പിലേക്ക് എത്തിയ വിജയ ലക്ഷ്യം 359 റണ്‍സ്. 15-2ലേക്ക് ഇംഗ്ലണ്ട് തുടക്കത്തില്‍ വീണു. എന്നാല്‍ മധ്യനിര ഇവിടെ ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തി. ബെന്‍ സ്റ്റോക്ക്‌സ് 135 റണ്‍സോടെ പുറത്താവാതെ നിന്നു. ജോ റൂട്ട് 77 റണ്‍സും ജോ ഡെന്‍ലി 50 റണ്‍സും എടുത്തു. 

ഇംഗ്ലണ്ടിന്റെ ഒന്‍പതാം വിക്കറ്റ് വീഴുമ്പോള്‍ വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ടിയിരുന്നത് 73 റണ്‍സ്. ജാക്ക് ലീച്ചിനെ ഒരുവശത്ത് നിര്‍ത്തി സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. 

മെല്‍ബണില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും, വിജയ ലക്ഷ്യം 332

ബോഡിലൈന്‍ സീരീസില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും റണ്‍ വാരിക്കൂട്ടിയ മൂന്നാമത്തെ ടെസ്റ്റ്. ഒന്നാം ഇന്നിങ്‌സില്‍ അലന്‍ കിപ്പാക്‌സിന്റേയും ജാക്ക് റൈഡറിന്റേയും സെഞ്ചുറിയോടെ 397 റണ്‍സിലെത്തി ഓസ്‌ട്രേലിയ. വാലി ഹമോന്‍ഡ് ഇരട്ട ശതകം നേടിയതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 400 കടന്നു. 

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 351ന് ഓള്‍ഔട്ട്. 332 റണ്‍സ് ആണ് ഇതോടെ ഇംഗ്ലണ്ടിന് മുന്‍പിലേക്ക് എത്തിയത്. ഹെര്‍ബര്‍ട്ട് സത്ക്ലിഫിന്റെ സെഞ്ചുറി ഇവിടെ ഇംഗ്ലണ്ടിന് കരുത്തായി. എന്നാല്‍ രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. 6 റണ്‍സ് കൂടിയാണ് അവിടെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ആ സമയം വേണ്ടിയത്. ഒടുവില്‍ വാലറ്റത്ത് ജോര്‍ജ് ഗിയറി ബൗണ്ടറിയിലൂടെ ഇംഗ്ലണ്ടിനെ ചരിത്ര ജയത്തിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com