ഗുജറാത്തിലും ഐപിഎല്‍! കമന്ററി പറയുന്നത് ഹര്‍ഷ ഭോഗ്‌ലെ! അടിമുടി വ്യാജം; റഷ്യക്കാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള മൊളിപുര്‍ ഗ്രാമത്തിലാണ് കര്‍ഷകടക്കമുള്ള 21 യുവാക്കള്‍ ചേര്‍ന്ന് വ്യാജ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണ്‍ അവസാനിച്ചിട്ടും ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നു! മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളടക്കം എല്ലാമുണ്ട്. കമന്ററി ബോക്‌സില്‍ നിന്ന് ഹര്‍ഷ ഭോഗ്‌ലെയുടെ കമന്ററി വരെ കേള്‍ക്കാം. തീര്‍ന്നില്ല മത്സരങ്ങള്‍ തത്സമയം യുട്യൂബില്‍ ടെലികാസ്റ്റും ചെയ്തു. പക്ഷേ എല്ലാം വ്യാജമായിരുന്നു എന്നു മാത്രം. തട്ടിപ്പ് സംഘം പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തറിയുന്നത്.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള മൊളിപുര്‍ ഗ്രാമത്തിലാണ് കര്‍ഷകടക്കമുള്ള 21 യുവാക്കള്‍ ചേര്‍ന്ന് വ്യാജ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര്. എന്നാല്‍ ഐപിഎല്‍ എന്ന് തോന്നിക്കുന്ന തരത്തില്‍ ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് അവര്‍ യുട്യൂബില്‍ ടെലികാസ്റ്റ് ചെയ്തു. പിന്നാലെ വാതുവെപ്പും ആരംഭിച്ചു. 

ലക്ഷങ്ങളാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയത്. തട്ടിപ്പിനരയായവര്‍ ആകട്ടെ റഷ്യക്കാരായ ചിലരും. റഷ്യന്‍ നഗരങ്ങളായ ത്വെര്‍, വൊറോനെഷ്, മോസ്‌ക്കോ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് പണം നഷ്ടമായത്. 

മത്സരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് കടന്നതിന് തൊട്ടുപിന്നാലെയാണ് സംഘാടകര്‍ അറസ്റ്റിലായത്. വ്യാജ ഐപിഎല്‍ പോരാട്ടം സൃഷ്ടിച്ച് ലക്ഷങ്ങള്‍ വാതുവച്ച സംഭവത്തിലാണ് പൊലീസ് നടപടി. 

വ്യാജ അമ്പയര്‍മാരും ഹര്‍ഷ ഭോഗ്ലെയെ അനുകരിക്കുന്ന കമന്റേറ്ററും എല്ലാം ഈ ഐപില്ലിലുണ്ടായിരുന്നു. അഞ്ച് എച്ച്ഡി ക്യാമറകള്‍ക്ക് മുന്നില്‍ കുറച്ച് വാക്കി- ടോക്കികള്‍ കാണിച്ചുകൊണ്ടായിരുന്നു വ്യാജ അമ്പയറിങ്. റഷ്യയില്‍ ഇരിക്കുന്ന പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ക്രൗഡ്- നോയ്സ് സൗണ്ട് ഇഫക്റ്റുകള്‍ വീഡിയോയില്‍ കൊടുത്തിരുന്നു. മീററ്റില്‍ നിന്നുള്ള ഒരു മിമിക്രി കലാകാരനാണ് ഹര്‍ഷ ഭോഗ്‌ലെയുടെ ശബ്ദത്തില്‍ അനുകരണം നടത്തിയത്. ടെലിഗ്രാം ആപ്പ് വഴിയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com