അവസാന ഓവറില്‍ വേണ്ടത് 20 റണ്‍സ്; അടിച്ചെടുത്തത് 24! ബ്രേസ്‌വെല്‍ കരുത്തില്‍ പുതിയ റെക്കോര്‍ഡിട്ട് കിവികള്‍

പുരുഷ ഏകദിന ക്രിക്കറ്റിലെ 50ാം ഓവറില്‍ പിന്തുടര്‍ന്നു ജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കിവീസ് അടിച്ചെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് വിജയം പിടിച്ച് ന്യൂസിലന്‍ഡ്. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിലാണ് കിവികള്‍ ത്രില്ലര്‍ പോരാട്ടം റെക്കോര്‍ഡ് നേട്ടത്തോടെ പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 300 റണ്‍സ് അടിച്ചെടുത്തു. 301 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവികള്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റ് 305 റണ്‍സെടുത്താണ് വിജയിച്ചത്.

പുരുഷ ഏകദിന ക്രിക്കറ്റിലെ 50ാം ഓവറില്‍ പിന്തുടര്‍ന്നു ജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കിവീസ് അടിച്ചെടുത്തത്. 1987ലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരത്തിലെ 50ാം ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം ഇതോടെ പഴങ്കഥയായി. 

301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 49ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണു നേടാനായത്. 50ാം ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ 20 റണ്‍സ്. കൈയില്‍ ബാക്കി ഒരു വിക്കറ്റും. 

കരുത്തരായ കിവീസിനെതിരെ അവസാന ഓവര്‍ വരെ അയര്‍ലന്‍ഡ് വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷേ 50ാം ഓവറില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി. സെഞ്ച്വറി നേടിയ ബ്രേസ്‌വെലിന്റെ അവസരോചിത വെടിക്കെട്ടാണ് കിവികള്‍ക്ക് വിജയം ഒരുക്കിയത്. 

പന്തെറിയാനെത്തിയത് 32കാരന്‍ ക്രെയ്ഗ് യങ്. പക്ഷേ ആഞ്ഞടിച്ച ബ്രേസ്‌വെല്ലിനു മുന്നില്‍ യങ്ങിന് പക്ഷേ പിടിച്ചു നില്‍ക്കാനായില്ല. 

ആദ്യ രണ്ട് പന്തുകള്‍ ഫോറാണെങ്കില്‍ മൂന്നാം പന്ത് ഡീപ് മിഡ്‌വിക്കറ്റില്‍ ഒരു സിക്‌സര്‍. നാലാം പന്ത് ഫോറും അഞ്ചാം പന്ത് വീണ്ടുമൊരു സിക്‌സും പറത്തി ബ്രേസ്‌വെല്‍ കിവീസിനെ രക്ഷിച്ചെടുത്തു. 49.5 ഓവറില്‍ 9 വിക്കറ്റിന് ന്യൂസീലന്‍ഡ് 305. ഒരു പന്തു ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് ജയം. അവസാന പത്ത് ഓവറുകളില്‍ നേരിട്ട 36 പന്തില്‍ നിന്ന് ബ്രേസ്‌വെല്‍ നേടിയത് 86 റണ്‍സ്! 

ആകെ 82 പന്തില്‍ 10 ഫോറും ഏഴ് സിക്‌സും സഹിതം താരം അടിച്ചെടുത്തത് 127 റണ്‍സ്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ 61 പന്തില്‍ 51 റണ്‍സെടുത്തു പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് മധ്യനിര താരം ഹെന്റി ടെക്ടറിന്റെ സെഞ്ച്വറിക്കരുത്തിലാണ് വമ്പന്‍ സ്‌കോറിലേക്കു കുതിച്ചത്. 117 പന്തുകളില്‍ നിന്ന് താരം നേടിയത് 113 റണ്‍സ്. 43 റണ്‍സെടുത്ത കുര്‍ട്ടിഷ് കാംഫറും 39 റണ്‍സെടുത്ത ആന്‍ഡി മക്‌ബ്രൈനും അയര്‍ലന്‍ഡ് സ്‌കോര്‍ ഉയര്‍ത്താന്‍ ഹെന്റിക്കു പിന്തുണയേകി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com