'ഒന്നാം റാങ്ക്, 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍'- ജോക്കോവിചും പരിശീകനും വേര്‍പിരിഞ്ഞു; 15 വര്‍ഷം നീണ്ട ബന്ധത്തിന് വിരാമം

റോജര്‍ ഫെഡറേറയും റാഫേല്‍ നാദലിനേയും ആന്‍ഡി മറയേയും വെല്ലുവിളിക്കാന്‍ പാകത്തില്‍, അവരെ കടത്തിവെട്ടി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് കുതിക്കാന്‍ ജോക്കോയ്ക്ക് വ്യക്തമായ പാത ഒരുക്കിയ പരിശീലകനാണ് വജ്ദ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ താരവും സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസവുമായ നൊവാക് ജോക്കോവിച് ദീര്‍ഘ കാലമായി തന്നെ പരിശീലിപ്പിക്കുന്ന കോച്ചുമായി വേര്‍പിരിഞ്ഞു. ദീര്‍ഘ നാളായി ജോക്കയുടെ മുഖ്യ പരിശീലക സ്ഥാനത്തുണ്ടായിരുന്ന മരിയന്‍ വജ്ദയാണ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 

കഴിഞ്ഞ 15 വര്‍ഷമായി വജ്ദയാണ് ജോക്കോയുടെ പരിശീലകന്‍. റോജര്‍ ഫെഡറേറയും റാഫേല്‍ നാദലിനേയും ആന്‍ഡി മറയേയും വെല്ലുവിളിക്കാന്‍ പാകത്തില്‍, അവരെ കടത്തിവെട്ടി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് കുതിക്കാന്‍ ജോക്കോയ്ക്ക് വ്യക്തമായ പാത ഒരുക്കിയ പരിശീലകനാണ് വജ്ദ. താരം നേടിയ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളിലും വജ്ദയുടെ പരിശീലന തന്ത്രങ്ങള്‍ക്ക് മുഖ്യ സ്ഥാനമുണ്ട്. 

'എന്റെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു മരിയന്‍. മനോഹരമായ നിരവധി ഓര്‍മകളുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം എനിക്ക് നല്‍കിയ സൗഹൃദത്തിനും ആത്മസമര്‍പ്പണത്തിനും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്റെ ടീമില്‍ നിന്ന് പുറത്തു പോകുകയാണ്. എല്ലാ കാലത്തും അദ്ദേഹം എന്റെ കുടുംബാംഗം തന്നെയായിരിക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'- ജോക്കോ വ്യക്തമാക്കി. 

ജോക്കോയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാകുകയാണെങ്കിലും കോര്‍ട്ടിന് പുറത്ത് എക്കാലത്തും അദ്ദേഹത്തിന് പിന്തുണയുമായി താനുണ്ടാകുമെന്ന് മരിയന്‍ വ്യക്തമാക്കി. ജോക്കോയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയും താരമെന്ന നിലയില്‍ ഇന്നെത്തി നില്‍ക്കുന്ന ഉയര്‍ച്ചയും കാണാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഭാഗ്യമായിരുന്നുവെന്ന് മരിയന്‍ പറയുന്നു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ജോക്കോയ്ക്ക് എല്ലാ പിന്തുണയും താന്‍ ഇനിയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ 2019 മുതല്‍ ജോക്കോയുടെ കോച്ചിങ് സ്റ്റാഫില്‍ ഗൊരാന്‍ ഇവാനിസേവിച് ഉണ്ട്. അദ്ദേഹം സ്ഥാനത്ത് തുടരും. നേരത്തെ ബോറിസ് ബെക്കര്‍, ആന്ദ്രെ അഗാസി, റാഡെക് സ്‌റ്റെപാനെക് എന്നിവരും ജോക്കയുടെ പരിശീക സംഘത്തില്‍ അംഗങ്ങളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com