രോഹിത്, കോഹ്‌ലി, ബുമ്‌റ, പന്ത് ഇല്ല; ഇന്ത്യയുടെ രണ്ടാം സംഘം അയര്‍ലന്‍ഡിലേക്ക്

രോഹിത്, കോഹ്‌ലി, ബുമ്‌റ, പന്ത് ഇല്ല; ഇന്ത്യയുടെ രണ്ടാം സംഘം അയര്‍ലന്‍ഡിലേക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡ് പര്യടനത്തിന് ഒരുങ്ങുന്നു. ഇന്ത്യ ജൂണില്‍ രണ്ട് ടി20 മത്സരങ്ങള്‍ കളിക്കാനായി അയര്‍ലന്‍ഡിലേക്ക് പറക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള പ്രധാന താരങ്ങള്‍ ഇല്ലാതെ രണ്ടാം ടീമിനെയായിരിക്കും ഇന്ത്യ പര്യടനത്തിന് അയക്കുക. ഇന്ത്യന്‍ സന്ദര്‍ശനം ക്രിക്കറ്റ് അയര്‍ലന്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

രോഹിതിന് പുറമെ വിരാട് കോഹ്‌ലി, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ജസ്പ്രിത് ബുമ്‌റ എന്നിവരൊന്നും ടീമില്‍ ഉണ്ടാകില്ല. കഴിഞ്ഞ തവണത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാതിരുന്ന ഒരു ടെസ്റ്റ് മത്സരം ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഈ പോരാട്ടം. രോഹിത് അടക്കമുള്ള താരങ്ങള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കും. 

ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ അയര്‍ലന്‍ഡ് പര്യടനത്തിനെത്തും. പിന്നാലെ ബ്രിസ്റ്റോളില്‍ ദക്ഷിണാഫ്രിക്കയുമായും അയര്‍ലന്‍ഡ് കളിക്കും. ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരങ്ങളാണ് അയര്‍ലന്‍ഡിനെ കാത്തിരിക്കുന്നത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും വലിയ സീസണ്‍ ആദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ജൂലൈ ഒന്നിന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ജൂലൈ ഏഴ് മുതലാണ് പോരാട്ടങ്ങള്‍. 

2018ലാണ് ഇന്ത്യ അവസാനമായി അയര്‍ലന്‍ഡില്‍ പര്യടനത്തിന് എത്തിയത്. അന്നും രണ്ട് ടി20 മത്സരങ്ങളാണ് കളിച്ചത്. പരമ്പര ഇന്ത്യ 2-0ത്തിന് തൂത്തുവാരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com