പന്തിന്റേയും വിഹാരിയുടേയും അര്‍ധ ശതകം തുണച്ചു; 357-6ന് ആദ്യ ദിനം അവസാനിപ്പിച്ച് ഇന്ത്യ

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ. ഋഷഭ് പന്ത്, ഹനുമാ വിഹാരി എന്നിവരുടെ അര്‍ധ ശതകമാണ് ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നേടിത്തന്നത്. 

തകര്‍ത്തു കളിച്ച ഋഷഭ് പന്ത് ആണ് ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയത്. പന്ത് 97 പന്തില്‍ നിന്ന് 9 ഫോറം നാല് സിക്‌സും സഹിതം 96 റണ്‍സ് നേടി. എംബുല്‍ഡെനിയുടെ ഒരോവറില്‍ 22 റണ്‍സും പന്ത് അടിച്ചെടുത്തു. എന്നാല്‍ 96 റണ്‍സില്‍ നില്‍ക്കെ സുരങ്ക ലക്മല്‍ പന്തിന്റെ കുറ്റിയിളക്കി. 

ശ്രേയസ് അയ്യറിനൊപ്പം അര്‍ധ ശതക കൂട്ടുകെട്ടും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പന്ത് കണ്ടെത്തി. 128 പന്തില്‍ നിന്നാണ് ഹനുമാ വിഹാരി 58 റണ്‍സ് എടുത്തത്. പൂജാരയ്ക്ക് പകരം ടീമില്‍ ഇടംലഭിച്ചത് മുതലാക്കാന്‍ വിഹാരിക്ക് കഴിഞ്ഞു. 100ാം ടെസ്റ്റ് കളിക്കുന്ന കോഹ് ലി 76 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്താണ് കൂടാരം കയറിയത്. അഞ്ച് ഫോര്‍ കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നു. 

പുള്‍ ഷോട്ടില്‍ പാളി രോഹിത് മടങ്ങി

ഇന്ത്യന്‍ സ്‌കോര്‍ 52ല്‍ നില്‍ക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. 29 റണ്‍സ് എടുത്ത രോഹിത് ശര്‍മ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മടങ്ങുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ സ്‌കോര്‍ 80ല്‍ എത്തിയപ്പോള്‍ മായങ്കും മടങ്ങി. 48 പന്തില്‍ നിന്ന് 27 റണ്‍സ് ആണ് ശ്രേയസ് കണ്ടെത്തിയത്. 82 പന്തില്‍ നിന്ന് 45 റണ്‍സോടെ രവീന്ദ്ര ജഡേജ പുറത്താവാതെ നില്‍ക്കുന്നു. 10 റണ്‍സോടെ ആര്‍ അശ്വിനാണ് ജഡേജയ്‌ക്കൊപ്പം ക്രീസില്‍. 

ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചായിരുന്നു മൊഹാലിയിലേത്. ലങ്കന്‍ ബൗളര്‍മാരില്‍ ലസിത് എംബുല്‍ഡെനിയ രണ്ട് വിക്കറ്റ് വീഴ്ത്തി. സുരങ്ക ലക്മല്‍, വിശ്വ ഫെര്‍നാന്‍ഡോ, ലഹിരു കുമാര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com