സിഡ്നി: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. തായ്ലൻഡിൽ വച്ചായിരുന്നു മരണം.
അദ്ദേഹത്തിന് 52 വയസായിരുന്നു. വീട്ടിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കനത്ത നഷ്ടങ്ങളുടെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോഡ്‌നി മാര്‍ഷ് അന്തരിച്ചിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വോണിന്റെ വിയോഗം.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ലെഗ് സ്പിന്നിലെ കലാകാരനെന്ന് വോണിനെ നിസംശയം പറയാം. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണുമായുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ക്ക് എക്കാലത്തും ആവേശം നല്‍കുന്നതാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ വോണ്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
1992ലാണ് വോണ്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറിയത്. 145 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 708 വിക്കറ്റുകള്‍ വീഴ്ത്തി. 194 ഏകദിന മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളും നേടി.
ക്യാപ്റ്റനെന്ന നിലയിലും വോണ്‍ സവിശേഷമായ സ്ഥാനം ക്രിക്കറ്റില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രഥമ ഐപിഎല്ലില്‍ എല്ലാവരും നിസാരരായി കണ്ട രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച വോണിന്റെ നായക മികവിന് അന്ന് ക്രിക്കറ്റ് ലോകം കൈയടിച്ചു.
അന്ന് എട്ടിൽ ഏഴ് ഐപിഎല്‍ ടീമുകള്‍ക്കും നായകന്‍മാര്‍ ഇന്ത്യന്‍ താരങ്ങളായിരുന്നപ്പോള്‍ രാജസ്ഥാന്‍ മാത്രമാണ് വിദേശ താരത്തെ ക്യാപ്റ്റനാക്കിയത്. രവീന്ദ്ര ജഡേജ, യൂസുഫ് പഠാന്‍ അടക്കമുള്ള അന്ന് പുതുമുഖ താരങ്ങളായിരുന്നവരെ വച്ചാണ് വോണ്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക