റോഡ്നി മാർഷിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ട്വീറ്റ്; മണിക്കൂറുകളുടെ വ്യത്യാസത്തിൽ വോണും മടങ്ങി! 

റോഡ്നി മാർഷിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ട്വീറ്റ്; മണിക്കൂറുകളുടെ വ്യത്യാസത്തിൽ വോണും മടങ്ങി! 
റോഡ്നി മാർഷിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ട്വീറ്റ്; മണിക്കൂറുകളുടെ വ്യത്യാസത്തിൽ വോണും മടങ്ങി! 

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് നഷ്ടങ്ങളുടെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. ഓസ്ട്രേലിയൻ‌ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്നി മാർഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സ്പിൻ ഇതിഹാസം ഷെയ്ൻ‌ വോണിന്റെ വിടവാങ്ങൽ. ഹൃദയാഘാതമാണ് രണ്ട് പേരുടെയും ജീവനെടുത്തതെന്നതും യാദൃശ്ചികമായി. 

റോഡ് മാർഷിന്റെ മരണത്തിൽ വേദന പങ്കുവച്ച് കുറിച്ച വാക്കുകളാണ് ഷെയ്ൻ വോണിന്റെ അവസാന ട്വീറ്റെന്നതും ഇപ്പോൾ  വേദനയായി മാറുകയാണ്. മാർഷ് അന്തരിച്ചതിനു പിന്നാലെയാണ് വോൺ ട്വിറ്ററിലൂടെ പ്രിയ താരത്തിന് ആദരാഞ്ജലി നേർന്നത്. ആദരാഞ്ജലി നേർന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വോണും മടങ്ങി. 

‘റോഡ് മാർഷിന്റെ മരണ വാർത്ത വേദനിപ്പിക്കുന്നു. അദ്ദേഹം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്. ഒട്ടേറെ യുവതീ യുവാക്കളുടെ പ്രചോദനം. ക്രിക്കറ്റിനായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ക്രിക്കറ്റിന്, പ്രത്യേകിച്ചും ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾക്കായി അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. റോസിനും കുടുംബത്തിനും സ്നേഹവും ആദരവും. നിത്യശാന്തി നേരുന്നു സുഹൃത്തേ’– റോഡ് മാർഷിന്റെ മരണത്തിനു പിന്നാലെ വോൺ ട്വിറ്ററിൽ കുറിച്ചു. അക്ഷരാർഥത്തിൽ വോണിന്റെ കരിയറിന്റെ ചുരുക്കെഴുത്തായും ആ കുറിപ്പുകൾ മാറി.

ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബൗളർമാരിലൊരാളാണ് ഷെയ്ൻ വോൺ. 15 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിൽനിന്നു മാത്രം 708 വിക്കറ്റുകളാണ് വോൺ നേടിയത്. ഓസ്ട്രേലിയൻ വിക്കറ്റ് വേട്ടക്കാരിൽ എക്കാലത്തെയും ഒന്നാമൻ. ലോക ക്രിക്കറ്റിലെ എല്ലാ താരങ്ങളെയും പരിഗണിച്ചാൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനു പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന താരം. 

പൊതുവെ സ്പിന്നിന് അനുകൂലമായ നാട്ടിലെ പിച്ചുകളിലാണ് മുത്തയ്യ മുരളീധരന്റെ വിക്കറ്റ് വേട്ടയിൽ ഏറെയും. എന്നാൽ പേസ് ബൗളർമാരുടെ നാട്ടിൽ നിന്നു വന്ന് എതിരാളികളെ കറക്കി വീഴ്ത്തിയ ചരിത്രമാണ് വോണിനുള്ളത്. 

1992ൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറ്റം കുറിച്ചതു മുതൽ, ലോക ക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയായിരുന്നു വോൺ. 1999ൽ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 1993നും 2003നും ഇടയിൽ അഞ്ച് തവണ ആഷസ് പരമ്പര നേടിയ ടീമിലും അംഗമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com