'മനുഷ്യത്വം കാണിക്കണം'; യുക്രൈന് ബേണ്‍ലി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അബ്രാമോവിച്ചിന് കയ്യടിച്ച് ചെല്‍സി ആരാധകര്‍

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാന്‍കാഷെയര്‍: യുക്രൈന്‍ ജനതയ്ക്ക് പ്രീമിയര്‍ ലീഗ് ക്ലബ് ബേണ്‍ലി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന സമയം ചെല്‍സി ഉടമ അബ്രാമോവിച്ചിനായി ആരവം ഉയര്‍ത്തി ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരുടെ ആരാധകര്‍. ആരാധകരുടെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ചെല്‍സി പരിശീലകന്‍ തോമസ് തുഷേലും രംഗത്തെത്തി. 

ചെല്‍സിക്ക് എതിരായ മത്സരത്തിന് മുന്‍പാണ് ബേണ്‍ലി താരങ്ങള്‍ യുക്രൈന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തിയത്. എന്നാല്‍ ഈ സമയം, ക്ലബിന്റെ ഉടമ അബ്രാമോവിച്ചിനുള്ള പിന്തുണ അറിയിക്കാനാണ് ചെല്‍സി ഫാന്‍സ് തീരുമാനിച്ചത്. 

യുക്രൈന് വേണ്ടിയാണ് നമ്മളത് ചെയ്തത്

എന്നാല്‍ അബ്രാമോവിച്ചിന് പിന്തുണ പ്രഖ്യാപിച്ച് പ്രതികരിക്കേണ്ട സമയം ഇതല്ല എന്നാണ് ചെല്‍സി പരിശീലകന്‍ ചൂണ്ടിക്കാണിച്ചത്. നമ്മള്‍ യുക്രൈന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട് എങ്കില്‍ അത് പ്രകടമാക്കണം. അത് ഒരുമിച്ച് ചെയ്യണം. നമ്മുടെ ക്ലബിലേയോ മറ്റ് ക്ലബിലേയോ പ്രധാനി ആരെങ്കിലും മരിച്ചാല്‍ നമ്മള്‍ ഒരു നിമിഷം നിശബ്ദദ ആചരിക്കും. ആ സമയം മറ്റ് കാര്യങ്ങള്‍ പറയാന്‍ പാടില്ല, തുഷേല്‍ പറയുന്നു. 

യുക്രൈന് വേണ്ടിയാണ് നമ്മളത് ചെയ്തത്. അവര്‍ നേരിടുന്ന അവസ്ഥയില്‍ മറ്റൊരു ചോദ്യം ഉദിക്കുന്നില്ല. നമ്മുടെ ചിന്തകളും പിന്തുണയും അവര്‍ക്കൊപ്പമുണ്ട്. ക്ലബ് എന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. മറ്റ് സന്ദേശങ്ങള്‍ക്കുള്ള സമയമല്ല ഇത് എന്നും ചെല്‍സി മാനേജര്‍ പറഞ്ഞു. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെയാണ് ചെല്‍സി വില്‍ക്കുന്നതായി അബ്രാമോവിച്ച് പ്രഖ്യാപിച്ചത്. റഷ്യന്‍ ഭരണകൂടത്തോട് അടുത്ത് നില്‍ക്കുന്ന അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന നിര്‍ദേശം ഉയര്‍ന്നതോടെയായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com