'അടിച്ചു പറത്തുന്നതിനൊപ്പം ഡിഫന്റ് ചെയ്യുന്നതിലും മിടുക്കനായി; ധോനിയെ കടത്തി വെട്ടും'; വമ്പന്‍ പ്രവചനവുമായി ഇര്‍ഫാന്‍ പഠാന്‍

നേരത്തെ ലെഗ് സൈഡില്‍ നിന്നാണ് കൂടുതലും റണ്‍സ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാവും ഋഷഭ് പന്ത് എന്ന് മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഇനിയൊരു 10 വര്‍ഷം കൂടി പന്തിന് കളിക്കാനാവുമെന്നും ഇര്‍ഫാന്‍ പറയുന്നു. 

ബാറ്റിങ്ങില്‍ പന്ത് ഒരുപാട് മെച്ചപ്പെട്ടു. നേരത്തെ ലെഗ് സൈഡില്‍ നിന്നാണ് കൂടുതലും റണ്‍സ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. പിച്ചില്‍ കൂടുതല്‍ സമയം നില്‍ക്കാനുള്ള വഴികളും പന്ത് കണ്ടെത്തിയിരിക്കുന്നു, ഇന്ത്യന്‍ മുന്‍ പേസര്‍ പറയുന്നു. 

ഡിഫന്‍സീവ് ഷോട്ടുകളും ആ ഇന്നിങ്‌സില്‍ പന്തില്‍ നിന്ന് വന്നു

ശ്രീലങ്കക്കെതിരെ റെക്കോര്‍ഡ് സ്വന്തമാക്കിയ അര്‍ധ ശതകം നോക്കിയാല്‍ പന്ത് ഡിഫന്‍സീവ് ഷോട്ട് കളിച്ചിട്ടില്ല എന്ന് പറയാനാവില്ല. ഡിഫന്‍സീവ് ഷോട്ടുകളും ആ ഇന്നിങ്‌സില്‍ പന്തില്‍ നിന്ന് വന്നു. 24 വയസെ പന്തിനായിട്ടുള്ളു. ഈ പ്രകടനം തുടര്‍ന്നാല്‍ വിരമിക്കുന്ന സമയം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും പന്ത്. അതില്‍ ഒരു സംശയവുമില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. 

ശ്രീലങ്കയ്ക്ക് എതിരെ 28 പന്തിലാണ് ഋഷഭ് പന്ത് അര്‍ധ ശതകം കണ്ടെത്തിയത്. 30 പന്തില്‍ അര്‍ധ ശതകം നേടിയ കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും പന്ത് തകര്‍ത്തു. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അര്‍ധ ശതകം ധോനിയുടെ പേരിലായിരുന്നു. 34 പന്തിലാണ് ധോനി അര്‍ധ ശതകം കണ്ടെത്തിയത്. ഇതും പന്ത് തിരുത്തി കുറിച്ചു. 

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സ് ആണ് ധോനി ടെസ്റ്റില്‍ കണ്ടെത്തിയത്. 30 ടെസ്റ്റ് കളിച്ച ഋഷഭ് പന്ത് 1920 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 40.9 ആണ് ബാറ്റിങ് ശരാശരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com