'ഫൈനലില്‍ എതിരാളി ആരെന്നത് വിഷയമല്ല'; കലാശപ്പോരിന് മുന്‍പ് ലൂണയുടെ മുന്നറിയിപ്പ് 

കടങ്ങളും കണക്കുകളുമെല്ലാം തീര്‍ത്ത് കിരീടത്തിന് അരികിലെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാസ്‌കോ: കടങ്ങളും കണക്കുകളുമെല്ലാം തീര്‍ത്ത് കിരീടത്തിന് അരികിലെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിന് കേരളത്തെ തുണച്ചത് പലപ്പോഴായി വല കുലുക്കിയെത്തിയ ലൂണയുടെ മാജിക് ഗോളുകളും. ഫൈനലിലേക്ക് എത്തി നില്‍ക്കുമ്പോള്‍ എതിരാളികള്‍ ആരായാലും പ്രശ്‌നമില്ല എന്ന് കൂസലില്ലാതെ പറയുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍. 

ഫൈനലില്‍ ഹൈദരാബാദ്-എടികെ മോഹന്‍ ബഗാന്‍ എന്നിവരില്‍ ആരെ എതിരാളികളായി വേണം എന്നായിരുന്നു ലൂണയ്ക്ക് നേരെ വന്ന ചോദ്യം. അത് ഞാന്‍ ശ്രദ്ധിക്കുന്നതേയില്ല. ഇത് ഫൈനലാണ്. കിരീടം നേടണം എങ്കില്‍ മികച്ച ടീമുകളോട് തന്നെ മത്സരിക്കേണ്ടതായി വരും. അതിന് ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു, ലൂണ പറയുന്നു. 

എന്റെ ടീമില്‍ ഞാന്‍ അഭിമാനിക്കുന്നു

എന്റെ ടീമില്‍ ഞാന്‍ അഭിമാനിക്കുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ പറഞ്ഞു. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ 18ാം മിനിറ്റില്‍ ലൂണയില്‍ നിന്ന് വന്ന ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് 2016ന് ശേഷം ഫൈനലിലേക്ക് കടക്കാന്‍ തുണച്ചത്. 

ആദ്യ പാദ സെമിയില്‍ 1-0ന്റെ ലീഡ് നേടി എത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ തുടക്കത്തില്‍ തന്നെ വല കുലുക്കി ഗോള്‍ വ്യത്യാസം 2-0 ആയി ഉയര്‍ത്തി. 50ാം മിനിറ്റില്‍ പ്രണോയ് ഹല്‍ദറിന്റെ ഗോളില്‍ ജംഷഡ്പൂര്‍ സമനില പിടിച്ചു. എന്നാല്‍ ജംഷഡ്പൂരിന്റെ തുടരെയുള്ള ശ്രമങ്ങള്‍ രണ്ടാമത്തെ ഗോളിലേക്ക് എത്താതിരുന്നതോടെ 2-1 എന്ന ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ ഉറപ്പിച്ചു. 

രണ്ട് വട്ടവും വഴി മുടക്കിയത് അത്‌ലറ്റിക്കോ

മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ എത്തുന്നത്. ഐഎസ്എല്ലില്‍ ആരംഭിച്ച 2014ല്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 2016ല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കയ്യില്‍ നിന്ന് പന്ത് തട്ടിയകറ്റിയതും അത്‌ലറ്റിക്കോ തന്നെ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊല്‍ക്കത്തയോട് തോല്‍ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com