ഉജ്ജ്വല സെഞ്ച്വറി, വിക്കറ്റ് നേട്ടം; അലിസ ഹീലിയും കേശവ് മഹാരാജും മികച്ച താരങ്ങള്‍; ഐസിസി പുരസ്‌കാരം

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിക്കാന്‍ ഹീലിക്ക് സാധിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐസിസിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ അലിസ ഹീലിക്കും. വനിതാ ലോകകപ്പിലെ മികച്ച ബാറ്റിങ് പ്രകടനമാണ് ഹീലിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത മിന്നും ബൗളിങാണ് കേശവ് മഹാരാജിന് തുണയായത്. 

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിക്കാന്‍ ഹീലിക്ക് സാധിച്ചു. ഫൈനലില്‍ 170 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇത്രയും റണ്‍സ് ഒറ്റയ്ക്ക് സ്വന്തമാക്കുന്നത്. 123.18 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഹീലിയുടെ കിടയറ്റ ബാറ്റിങ്. താരത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ ഏഴാം വനിതാ ലോകകപ്പ് കിരീടത്തിലാണ് മുത്തമിട്ടത്. 

ഉഗാണ്ടയുടെ ജാനെറ്റ് മബാബ്‌സി, ഇംഗ്ലണ്ടിന്റെ നാറ്റ് സിവര്‍ എന്നിവരെയാണ് ഇത്തവണ ഹീലി പിന്തള്ളിയത്. രണ്ട് തവണ ഐസിസിയുടെ ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം താരമായും ഹീലി മാറി. നേരത്തെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഹീലി പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. 

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി നാല് ഇന്നിങ്‌സുകളില്‍ നിന്ന് 16 വിക്കറ്റുകളാണ് കേശവ് മഹാരാജ് വീഴ്ത്തിയത്. രണ്ട് ടെസ്റ്റിന്റേയും രണ്ടാം ഇന്നിങ്‌സില്‍ താരം ഏഴ് വീതം വിക്കറ്റുകളാണ് സ്വന്തമാക്കിയത്. താരത്തിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് പരമ്പര തൂത്തുവാരുകയും ചെയ്തു. 

ദക്ഷിണാഫ്രിക്കന്‍ താരം തന്നെയായ സിമോണ്‍ ഹാര്‍മര്‍, ഒമാന്‍ താരം ജതിന്ദര്‍ സിങ് എന്നിവരെ പിന്തള്ളിയാണ് കേശവ് മഹാരാജിന്റെ നേട്ടം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com