പോള്‍ പോഗ്ബ ലോകകപ്പിനില്ല; ഫ്രാന്‍സിന് കനത്ത തിരിച്ചടി

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഈ സീസണിലാണ് താരം തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ സീസണില്‍ ടീമിനായി താരം ഇതുവരെ ഇറങ്ങിയിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ലോക കിരീടം നിലനിര്‍ത്താനായി ഖത്തറിലെത്തുന്ന ഫ്രാന്‍സ് ടീമിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോകകപ്പില്‍ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച മധ്യനിര താരം പോള്‍ പോഗ്ബ ഇത്തവണ ടീമിലുണ്ടാകില്ല. പരിക്ക് മാറാത്തതാണ് പോഗ്ബയ്ക്ക് വിനയായത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. അതിനിടെ തുടയെല്ലിനും പരിക്കുണ്ട്. 

പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി വിശ്രമിക്കുന്ന താരത്തിന് ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് മുക്തനാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് റഫേല പിമെന്റ വ്യക്തമാക്കി. 

'കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശോധനകളില്‍ നിന്നാണ് പരിക്കില്‍ നിന്ന് മുക്തനാകാന്‍ സമയമെടുക്കമെന്ന് വ്യക്തമായത്. ടൊറിനോ, പിറ്റ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലായാണ് പരിശോധന നടത്തിയത്. വളരെ വേദനയുണ്ട് ഇക്കാര്യം പറയുവാന്‍. അതിനാല്‍ യുവന്റസിനായും ലോകകപ്പില്‍ ഫ്രാന്‍സിനായും അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കില്ല'- ഏജന്റ് വ്യക്തമാക്കി. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഈ സീസണിലാണ് താരം തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ സീസണില്‍ ടീമിനായി താരം ഇതുവരെ ഇറങ്ങിയിട്ടില്ല. 

പരിക്ക് ഏറ്റ ആദ്യ ഘട്ടത്തില്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ താരം വിസമ്മതിച്ചിരുന്നു. ലോകകപ്പില്‍ കളിക്കുക ലക്ഷ്യമിട്ടായിരുന്നു തീരുമാനം. യുവന്റസിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കാനും താരം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതിന് ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com