'ഇന്ത്യ- പാക് ഫൈനല്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു'- ഷെയ്ന്‍ വാട്‌സന്‍

സെമിയിലെത്തിയ പാകിസ്ഥാനെ സൂക്ഷിക്കണമെന്ന് അദ്ദേഹം ന്യൂസിലന്‍ഡിനെ ഓര്‍മപ്പെടുത്തുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: കളിയുടെ ആവേശം, കാത്തിരിപ്പ്, നാടകീയത, ആരാധകരുടെ പങ്കാളിത്തം തുടങ്ങി എല്ലാം കൊണ്ടും സംഭവബഹുലമായിരിക്കും ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം. ടി20 ലോകകപ്പിന്റെ സെമി ലൈനപ്പായതോടെ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനലിന് സാധ്യതകളും തെളിഞ്ഞു. ഇപ്പോഴിതാ അതിന്റെ ആവേശം പങ്കിടുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. 

ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ- പാക് പോരാട്ടം ഒരു തവണ കണ്ടുകഴിഞ്ഞു. അതില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു. സെമിയില്‍ ഇന്ത്യ- ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ പോരാട്ടങ്ങളാണ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. ഇതില്‍ ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ കലാശപ്പോര് ചിരവൈരികള്‍ തമ്മിലായിരിക്കും. ഇതിന്റെ സാധ്യതകളുടെ ആവേശത്തിലാണ് താനെന്ന് പറയുകയാണ് വാട്‌സന്‍. 

'എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നതാണ് ഇന്ത്യ- പാക് ഫൈനല്‍. സൂപ്പര്‍ 12ലെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തിന്റെ കമന്റേറ്ററായതിനാല്‍ പിന്നീട് നടന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നിര്‍ഭാഗ്യവശാല്‍ എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല.' 

'പിന്നീട് മത്സരത്തിന്റെ റിപ്പോര്‍ട്ടുകളും ആരാധകരുടെ അഭിപ്രായങ്ങളും കണ്ടപ്പോള്‍ ആ മത്സരം എത്രമാത്രം ആവേശകരമായിരുന്നുവെന്ന് ബോധ്യം വന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. ആ കാഴ്ച വീണ്ടും കാണണമെന്ന് പലരും ആഗ്രഹിക്കുന്നു'- വാട്‌സന്‍ പറഞ്ഞു. 

അനായാസമാണ് കിവികളുടെ സെമിയിലേക്കുള്ള മുന്നേറ്റം. എന്നാല്‍ പാകിസ്ഥാന്‍ അങ്ങനെ എത്തിയതല്ല. ഭാഗ്യത്തിന്റെ അകമ്പടിയും അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഇക്കാര്യം എടുത്തു പറഞ്ഞ് വാട്‌സന്‍ കിവികള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. സെമിയിലെത്തിയ പാകിസ്ഥാനെ സൂക്ഷിക്കണമെന്ന് അദ്ദേഹം ന്യൂസിലന്‍ഡിനെ ഓര്‍മപ്പെടുത്തുന്നു.

'എല്ലാ ടൂര്‍ണമെന്റിലും തുടക്കത്തില്‍ ചില ടീമുകള്‍ ആദ്യ മത്സരങ്ങളിലൊക്കെ കാലിടറി വീഴും. എന്നാല്‍ ആ ടീമായിരിക്കും ഫൈനലിലെത്തുക. അവര്‍ കിരീടം നേടുന്നതും കണ്ടിട്ടുണ്ട്. തുടക്കത്തില്‍ പാകിസ്ഥാന്‍ കളിച്ച രീതി വച്ച് നോക്കിയാല്‍ അവര്‍ സെമിയിലെത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ?' 

'ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ അവര്‍ക്ക് പ്രതീക്ഷകളുണ്ടായിരുന്നില്ല. എന്നാല്‍ സെമിയിലെത്തിയതോടെ അവര്‍ വേവലാതികള്‍ക്ക് വിട നല്‍കിയാണ് ഇറങ്ങുന്നത്. അതിനര്‍ത്ഥം അങ്ങേയറ്റം അപകടകരമായ ഒരു സംഘത്തെയാണ് കിവീസ് സെമിയില്‍ നേരിടാന്‍ പോകുന്നത് എന്നാണ്'- വാട്‌സന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com