'സ്വയം ബഹുമാനിക്കൂ, നിങ്ങള്‍ക്ക് 75 വയസായി'; പെരസിനെതിരെ ക്രിസ്റ്റ്യാനോയുടെ സഹോദരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 05:15 PM  |  

Last Updated: 12th August 2022 05:15 PM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: എഎഫ്പി

 

ലണ്ടന്‍: റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന് എതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി. റയലിലേക്ക് ക്രിസ്റ്റിയാനോയെ വീണ്ടുമെത്തിക്കാന്‍ ശ്രമിക്കില്ലെന്ന് താരത്തിന്റെ പ്രായം ചൂണ്ടി പെരസ് പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് താരത്തിന്റെ സഹോദരി രംഗത്തെത്തിയത്. 

റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കുമോ എന്ന ചോദ്യത്തിന്, വീണ്ടും? അവന് 38 വയസായി എന്നാണ് പെരസ് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ക്രിസ്റ്റ്യാനോയുടെ സഹോദരി കാറ്റിയ അവേറോ പ്രതികരിച്ചത്. അവന് 38 വയസായിരിക്കാം. എന്നാല്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ ചാടി നില്‍ക്കാന്‍ അവന് കഴിയും എന്നാണ് ക്രിസ്റ്റ്യാനോയുടെ സഹോദരി പറയുന്നത്. 

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള ശ്രമങ്ങള്‍ ക്രിസ്റ്റ്യാനോ നടത്തിയിരുന്നു. എന്നാല്‍ താരത്തെ ക്ലബില്‍ തന്നെ നിലനിര്‍ത്താനാണ് യുനൈറ്റഡ് ശ്രമിച്ചത്. ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ടീമിലേക്ക് മാറാനാണ് ക്രിസ്റ്റ്യാനോ ശ്രമിച്ചത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ഇതുവരെ സാധ്യമായിട്ടില്ല. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ്‍ ടൂറില്‍ ക്രിസ്റ്റിയാനോ പങ്കെടുത്തില്ല. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ എന്ന കാരണമാണ് പറഞ്ഞിരുന്നത്. ക്ലബിലേക്ക് തിരികെ എത്തിയ ശേഷമുള്ള മത്സരത്തില്‍ തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതിന്റെ കലിപ്പില്‍ ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടതും വാര്‍ത്തയായി. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ബ്രൈറ്റണിന് എതിരെ തോറ്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'കുട്ടികളെ നമുക്ക് പാഡണിയിക്കാം'; വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ സഹായാഭ്യര്‍ഥന കേട്ട് പ്യൂമ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ