എതിര്‍ ടീമിലെ താരത്തെ ഇടിച്ചു വീഴ്ത്തി; മുഖത്ത് 24 സ്റ്റിച്ചുകള്‍! റഫറി പുറത്താക്കി, പിന്നാലെ ക്ലബും (വീഡിയോ)

ബാങ്കോക്ക് എഫ്‌സിയും നോര്‍ത്ത് ബാങ്കോക്ക് യൂനിവേഴ്‌സിറ്റി എഫ്‌സിയും തമ്മിലുള്ള മൂന്നാം ഡിവിഷന്‍ ലീഗ് പോരാട്ടത്തിനിടെയാണ് എതിര്‍ താരത്തിന്റെ ഇടിയേറ്റ് മറ്റൊരു താരം ഗ്രൗണ്ടില്‍ വീണത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബാങ്കോക്ക്: ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തിനിടെ പല താരങ്ങളും തമ്മില്‍ വാഗ്വാദങ്ങളും ചിലപ്പോഴെല്ലാം കൈയാങ്കളിയും മൈതാനത്ത് അരങ്ങേറാറുണ്ട്. പലപ്പോഴും കളിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കാറുള്ളത്. 2006ലെ ലോകകപ്പ് ഫൈനലില്‍ നിര്‍ണായക ഘട്ടത്തില്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മാര്‍ക്കോ മെറ്റരാസിയെ തല കൊണ്ട് ഇടിച്ചത് വിവാദമായിരുന്നു. പിന്നാലെ ചുവപ്പ് കാര്‍ഡ് വാങ്ങി സിദാന്‍ തല കുമ്പിട്ട് മടങ്ങിയത് ആരാധകരുടെ മനസില്‍ ഇപ്പോഴും ഉണ്ടാകും. 

സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. എതിര്‍ താരത്തെ അതിക്രൂരമായി ഇടിച്ചു വീഴ്ത്തുകയാണ് ഇവിടെ. തായ്‌ലന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 

ബാങ്കോക്ക് എഫ്‌സിയും നോര്‍ത്ത് ബാങ്കോക്ക് യൂനിവേഴ്‌സിറ്റി എഫ്‌സിയും തമ്മിലുള്ള മൂന്നാം ഡിവിഷന്‍ ലീഗ് പോരാട്ടത്തിനിടെയാണ് എതിര്‍ താരത്തിന്റെ ഇടിയേറ്റ് മറ്റൊരു താരം ഗ്രൗണ്ടില്‍ വീണത്. ബാങ്കോക്ക് എഫ്‌സിയുടെ ഐത്സാരെത് നയ്‌ചൈബൂണ്‍ എന്ന താരമാണ് ഇവിടെ വില്ലനായത്. യൂനിവേഴ്‌സിറ്റി താരമായ സുപാസന്‍ റുവാങ്‌സുഫനിമിറ്റാണ് നയ്‌ചൈബൂണിന്റെ ഇടിയേറ്റ് ഗ്രൗണ്ടില്‍ വീണത്. മുവായ് തായ് സ്‌റ്റൈലിൽ കൈമുട്ടു കൊണ്ടാണ് റുവാങ്‌സുഫനിമിറ്റിനെ നയ്‌ചൈബൂണ്‍ ഇടിച്ചു വീഴ്ത്തിയത്. 

പന്തുമായി നയ്‌ചൈബൂണ്‍ മുന്നേറുന്നതിനിടെ റുവാങ്‌സുഫനിമിറ്റ് ബോള്‍ ലൈനിന് പുറത്തേക്ക് അടിച്ചു കളയുന്നു. പിന്നാലെ നയ്‌ചൈബൂണിനെ ഫൗള്‍ ചെയ്യാനും താരം ശ്രമിച്ചു. ഇത് നയ്‌ചൈബൂണിന് ഇഷ്ടമായില്ല. പന്തെടുത്ത് ത്രോ എറിയുന്നതിന് പകരം നയ്‌ചൈബൂണ്‍ റുവാങ്‌സുഫനിമിറ്റിന് പിന്നാലെ എത്തി മുവായ് തായ് സ്റ്റലില്‍ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ റഫറി നയ്‌ചൈബൂണിനെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി ഗ്രൗണ്ടിന് പുറത്താക്കി. പിന്നാലെ താരത്തെ ക്ലബും പുറത്താക്കിയതായി വ്യക്തമാക്കി. റുവാങ്‌സുഫനിമിറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്ത് 24 സ്റ്റിച്ചുകളാണ് താരത്തിന് ഇടേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com