യുറുഗ്വേയ്ക്ക് കൊറിയന്‍ പൂട്ട്; ഗോള്‍ രഹിത സമനില

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 08:42 PM  |  

Last Updated: 24th November 2022 09:22 PM  |   A+A-   |  

FIFA_WORLD_CUP

യുറുഗ്വേ- ദക്ഷിണ കൊറിയ മത്സരത്തിനിടെ ചിത്രം/ ട്വിറ്റര്‍

 

ദോഹ: ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍  യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. പന്തടക്കത്തിലും പാസുകളിലും കണക്കുകളില്‍ നേരിയ വ്യത്യാസം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. എന്നാല്‍ അവസരങ്ങള്‍ പാഴാക്കിയതിന് യുറഗ്വേയോട് ആരാധകര്‍ പൊറുക്കില്ല

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കളിയുടെന നിയന്ത്രണം കൊറിയയുടെ കൈയിലായിരുന്നു. എന്നാല്‍ പതിഞ്ഞ താളത്തിലായിരുന്നു യുറുഗ്വേ കത്തിക്കയറിയത്. ഇരുടീമുകളും നിരവധി തവണ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ യുറുഗ്വേയുടെ അതിമനോഹരമായ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ ഭാഗ്യവും അവര്‍ക്കൊപ്പമില്ലെന്ന് കളികണ്ട ആരാധകരും ഉറപ്പിച്ചു.

യുറുഗ്വേയുടെ നിരവധി മുന്നേറ്റങ്ങള്‍ കൊറിയന്‍ പ്രതിരോധ താരങ്ങള്‍ തടഞ്ഞുനിര്‍ത്തി. 33ാം മിനിറ്റില്‍ യുറഗ്വോയ് ഗോള്‍ പോസ്റ്റിനു തൊട്ടുമുന്നില്‍നിന്ന് കൊറിയന്‍ താരം ഹ്വാങ് ഉയ്‌ജോയ്ക്കു ലഭിച്ച പാസ് താരം പുറത്തേക്കടിച്ചു പാഴാക്കിയതു ഏഷ്യന്‍ വമ്പന്‍മാര്‍ക്കു നിരാശയായി. 43ാം മിനിറ്റില്‍ യുറഗ്വായ് താരം വാല്‍വെര്‍ദെയുടെ കോര്‍ണര്‍ കിക്കില്‍ തലവച്ച ഡിഗോ ഗോഡിന്റെ ശ്രമം ദക്ഷിണകൊറിയന്‍ പോസ്റ്റില്‍ തട്ടിപുറത്തായി.

രണ്ടാം പകുതിയിലും ആക്രമണങ്ങളിലൂടെ യുറുഗ്വേയെ സമ്മര്‍ദത്തിലാക്കാനായിരുന്നു കൊറിയന്‍ ശ്രമം. യുറുഗ്വേയ് ബോക്‌സിനകത്ത് ക്യാപ്റ്റന്‍ ഹ്യുങ് മിന്‍ സണ്ണിന്റെ ഷോട്ടിനുള്ള ശ്രമം ജിമിനസ് സ്ലൈഡ് ചെയ്തു പരാജയപ്പെടുത്തി. 64ാം മിനിറ്റില്‍ ലൂയി സ്വാരസിനു പകരം എഡിന്‍സന്‍ കവാനി ഇറങ്ങി. തുടര്‍ന്ന് കവാനി വഴി ഗോള്‍ നേടാനായി യുറുഗ്വേയുടെ ശ്രമം. അതും ലക്ഷ്യം കണ്ടില്ല. ഏഴ് മിനിറ്റ് അധിക സമയത്തും ഇരു ബോക്‌സുകളിലും പന്തെത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എംബോളോ രക്ഷകനായി; കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ