ഗ്രഹാം പോട്ടറും പുറത്ത്; ചെല്‍സിയില്‍ ഇനി നാഗല്‍സ്മാന്റെ ഊഴം? 

ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ജൂലിയന്‍ നാഗല്‍സ്മാനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ചെല്‍സി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്
​ഗ്രഹാം പോട്ടർ/ എഎഫ്പി
​ഗ്രഹാം പോട്ടർ/ എഎഫ്പി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി, പരിശീലകന്‍ ഗ്രഹാം പോട്ടറിനേയും പുറത്താക്കി. സ്ഥാനമേറ്റ് ആറ് മാസം കഴിയുമ്പോഴാണ് പരിശീലകന് കസേര തെറിച്ചത്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി ആസ്റ്റണ്‍ വില്ലയോട് 0-2ന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് പോട്ടറിലുള്ള അവസാന പ്രതീക്ഷയും ഉടമകള്‍ക്ക് നഷ്ടമായത്. പിന്നാലെയാണ് പുറത്താകല്‍. 

ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ജൂലിയന്‍ നാഗല്‍സ്മാനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ചെല്‍സി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പരിശീലകനെ നിയമിക്കും വരെ പോട്ടറുടെ സഹ പരിശീലക സംഘത്തിലുണ്ടായിരുന്ന ബ്രുണോ സാള്‍ട്ടറെ ചെല്‍സി താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്. 

ബ്രൈറ്റന്റെ പരിശീലക സ്ഥാനത്തു നിന്നാണ് പോട്ടര്‍ ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റത്. ചെല്‍സിയെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോയ തോമസ് ടുക്കലിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു പോട്ടറിന്റെ നിയമനം. എന്നാല്‍ 31 മത്സരങ്ങള്‍ പോട്ടറുടെ തന്ത്രത്തില്‍ കളിച്ച ടീമിന് 12 വിജയങ്ങള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 

അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ മികച്ച മുന്നേറ്റം നടത്താന്‍ ചെല്‍സിക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടാനിരിക്കെയാണ് പോട്ടറുടെ സ്ഥാനം തെറിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com