'വിജയിക്കുന്നത് ഇന്നുവരെ കണ്ടിട്ടില്ല, കഴിവില്ലായ്മയില്‍ കടുത്ത നിരാശ'- തുറന്നടിച്ച് മുംബൈ ബൗളിങ് കോച്ച്

ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് മുംബൈ ആദ്യ മത്സരം പരാജയപ്പെട്ടത്. 2012ലാണ് മുംബൈ അവസാനമായി ആദ്യ പോരാട്ടത്തില്‍ തന്നെ വിജയിച്ച് ടൂര്‍ണമെന്റിന് തുടക്കമിടുന്നത്
ഷെയ്ന്‍ ബോണ്ട്/ ട്വിറ്റർ
ഷെയ്ന്‍ ബോണ്ട്/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന പതിവ് ഇത്തവണയും മുംബൈ ഇന്ത്യന്‍സ് തെറ്റിച്ചില്ല. ഇത് 11ാം തവണയാണ് മുംബൈ ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ തോല്‍വി സമ്മതിക്കുന്നത്. ഇത്തരത്തില്‍ നിരന്തരം ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് തുറന്നടിച്ചു.

ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് മുംബൈ ആദ്യ മത്സരം പരാജയപ്പെട്ടത്. 2012ലാണ് മുംബൈ അവസാനമായി ആദ്യ പോരാട്ടത്തില്‍ തന്നെ വിജയിച്ച് ടൂര്‍ണമെന്റിന് തുടക്കമിടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനേയാണ് അന്ന് വീഴ്ത്തിയത്. അതിന് ശേഷം ഈ സീസണ്‍ വരെ അവര്‍ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി. 

'ഞാന്‍ ഇത് ഒന്‍പതാം സീസണാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം. ആദ്യ മത്സരം ടീം വിജയിക്കുന്നത് കാണാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് അങ്ങേയറ്റം നിരാശ നല്‍കുന്നതാണ്. എല്ലായ്‌പ്പോഴും വിജയം കൂടുതല്‍ ഉള്ളതാണ് ടീമുകള്‍ക്ക് നല്ലത്. വിജയത്തുടക്കമിടുക എന്നത് അല്‍പ്പം കഠിനമായ കാര്യമാണ്.' 

'ആര്‍സിബി താരം മുഹമ്മദ് സിറാജ് ഞങ്ങള്‍ക്കെതിരെ മികച്ച ബൗളിങാണ് പുറത്തെടുത്തത്. തന്റെ ആദ്യ മൂന്നോവറുകള്‍ സിറാജ് തന്ത്രപരമായി തന്നെ പന്തെറിഞ്ഞു. ബൗണ്‍സറുകള്‍ മനോഹരമായി തന്നെ ഉപയോഗപ്പെടുത്തി. ആക്രമിച്ചു കളിക്കാന്‍ അവസരം നല്‍കാതെയാണ് സിറാജ് പന്തെറിഞ്ഞത്. ചില ഷോട്ടുകള്‍ കളിക്കാന്‍ മുംബൈ ബാറ്റര്‍മാരെ പ്രേരിപ്പിക്കുകയും അതില്‍ നിന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാനും സിറാജിന് സാധിച്ചു.' 

'നല്ല വിക്കറ്റും ചെറിയ ഗ്രൗണ്ടുമായിരുന്നു. പവര്‍ പ്ലേയില്‍ ഞങ്ങള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു. മികച്ച ബാറ്റിങ് നിരയുണ്ട്. അതിന്റെ ബലത്തില്‍ മുന്നിലെത്താനും ശ്രമിച്ചു. പക്ഷേ സിറാജിന്റെ ഒപ്പണിങ് സ്‌പെല്‍ മികച്ചതായിരുന്നു.'

'തിലക് വര്‍മയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ നല്‍കാന്‍ ആളില്ലാതെ പോയി. ചെറിയ മൈതാനത്ത് 170 റണ്‍സ് എന്നത് അത്ര മികച്ച സ്‌കോറല്ല. 190ന് മുകളിലെങ്കിലും സ്‌കോര്‍ ചെയ്താലേ പ്രതീക്ഷയ്ക്ക് വകുപ്പുള്ളു.' 

'ഞങ്ങള്‍ നന്നായി പന്തെറിഞ്ഞില്ല. ഓപ്പണിങ് സഖ്യം എത്രമാത്രം പ്രാധാന്യമുള്ളണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ആ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചില്ല. ഓപ്പണിങ് സഖ്യത്തെ തകര്‍ത്ത് സമ്മര്‍ദ്ദം തീര്‍ക്കാനും ടീമിന് കഴിഞ്ഞില്ല'- തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി ബോണ്ട് പ്രതികരിച്ചു.

ആദ്യ മത്സരത്തില്‍ തോല്‍വിയെന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുംബൈ തോല്‍വി സമ്മതിച്ചത്. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലസിസും ചേര്‍ന്ന് 141 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മുംബൈയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com