'കോച്ചേ... ആ ക്യാച്ചിനെക്കുറിച്ച് പറയു...'- സം​ഗക്കാരയോട് സഞ്ജുവിന്റെ ആം​ഗ്യം; പൊട്ടിച്ചിരി (വീഡിയോ)

‌മത്സരങ്ങൾക്ക് ശേഷം ഡ്രസിങ് റൂമിൽ ടീം അം​ഗങ്ങളുമായി സംസാരിക്കുന്ന പതിവ് പരിശീലകൻ കുമാർ സം​ഗക്കാരയ്ക്കുണ്ട്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

​ഗുവാഹത്തി: ഐപിഎല്ലിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് ഡൽ​ഹി ക്യാപിറ്റൽസിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. പോരാട്ടത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യത്തിന് മടങ്ങിയെങ്കിലും വിക്കറ്റ് കീപ്പിങിൽ താരം മിന്നും ഫോമിലായിരുന്നു. പൃഥ്വി ഷായെ പുറത്താക്കാൻ താരം എടുത്ത ക്യാച്ച് വലിയ കൈയടിയും നേടി. 

‌മത്സരങ്ങൾക്ക് ശേഷം ഡ്രസിങ് റൂമിൽ ടീം അം​ഗങ്ങളുമായി സംസാരിക്കുന്ന പതിവ് പരിശീലകൻ കുമാർ സം​ഗക്കാരയ്ക്കുണ്ട്. ഇതിന്റെ വീഡിയോ രാജസ്ഥാൻ തങ്ങളുടെ ഔദ്യോ​ഗിക പേജിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോൾ വൈറലാണ്. 

ഡ്രസിങ് റൂമിലെ സംസാരത്തിൽ ക്യാപ്റ്റൻ സഞ്ജുവിനെ സം​ഗക്കാര പ്രശംസിക്കുന്നുണ്ട്. താരം നന്നായി ടീമിനെ നയിച്ചതായി അദ്ദേഹം പറയുന്നു. വിദ​ഗ്ധമായി ബൗളർമാരെ നിരത്താനും ഭയമില്ലാതെ തീരുമാനങ്ങളെടുക്കാനും സഞ്ജുവിന് കഴിഞ്ഞെന്ന് സം​ഗക്കാര വ്യക്തമാക്കി.

അദ്ദേഹം ഇതു പറയുന്നതിനിടെ താനെടുത്ത ക്യാച്ചിനെക്കുറിച്ച് കൂടി പറയാൻ സഞ്ജു ആം​ഗ്യത്തിലൂടെ പറയുന്നു. ഈ സംഭവം കൂട്ടച്ചിരിക്ക് വഴിമാറുകയും ചെയ്തു. പിന്നാലെ ആ ക്യാച്ചിനെക്കുറിച്ച് പറയാൻ മറന്നു പോയതാണെന്ന് സം​ഗക്കാര പറയുന്നു. മനോഹരമായ ക്യാച്ചാണ് സഞ്ജു എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 

മറുപടി ബാറ്റിങ്ങിൽ ഡൽഹി ഒരു റണ്ണെടുക്കും മുൻപേ പൃഥ്വി ഷാ പൂജ്യത്തിനു പുറത്തായത് സഞ്ജുവിന്റെ ക്യാച്ചിലാണ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ക്യാച്ച്. 200 റൺസെന്ന വലിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഇംപാക്ട് പ്ലേയറായാണ് പൃഥ്വി ഷായെ ഇറക്കിയത്. നേരിട്ട മൂന്നാം പന്ത് പൃഥ്വി ഷായുടെ ബാറ്റിൽ തട്ടിയപ്പോൾ തകർപ്പനൊരു ഡൈവിലൂടെ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു. 

57 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് ഒന്‍പതു വിക്കറ്റിന് 142 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com